ബുറെവി തീരം തൊട്ടു; വ്യാപക നാശം: ഗതി മാറി നാളെ തെക്കൻ കേരളത്തിലൂടെ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറെവി മുല്ലത്തീവ് ജില്ലയിലെ ട്രിങ്കോമാലിയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെ കരയിലേക്ക് കടന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കാറ്റിലും മഴയിലും മേഖലയില്‍ നാശനഷ്ടങ്ങളുണ്ടായി.
നിരവധി മരങ്ങള്‍ കടപുഴകി. ചുഴലിക്കാറ്റ് ഉച്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങും. പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കാനാണ് സാധ്യത. രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്
ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും. കാറ്റ് കന്യാകുമാരിയിൽ നിന്നു തിരുവനന്തപുരത്തിന്റെ തീരപ്രദേശം വഴി അറബിക്കടലിലേക്കു കടക്കുമെന്നായിരുന്നു നേരത്തേ വിലയിരുത്തൽ.
ഗതി കൂടുതൽ വടക്കോട്ടു മാറി തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുമെന്ന് ഇന്നലെ വൈകിട്ടോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 4 തെക്കൻ ജില്ലകളിൽ നാളെ 70 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റിന്റെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് (അതിതീവ്രമഴ); ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ); തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യെലോ അലർട്ട്. കേരളതീരത്ത് കടൽ പ്രക്ഷുബ്ധമാകും. ഉയർന്ന തിരമാലകൾക്കും താഴ്ന്നയിടങ്ങളിൽ കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനം പൂർണമായി നിരോധിച്ചു.