യു.എൻ മനുഷ്യാവകാശ കൗണ്‍സില്‍: റഷ്യ പുറത്തുതന്നെ

യുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ വീണ്ടും അംഗമാകാനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെട്ടു.

പൊതുസഭയില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലാണ് റഷ്യ പരാജയം നേരിട്ടത്. യുക്രെയ്ൻ അധിനിവേശത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് റഷ്യയെ കൗണ്‍സിലില്‍നിന്ന് പുറത്താക്കിയത്.

കിഴക്കൻ യൂറോപ്യൻ മേഖലയിലെ രണ്ട് സീറ്റുകള്‍ക്കുവേണ്ടി അല്‍ബേനിയ, ബള്‍ഗേറിയ എന്നിവയാണ് റഷ്യക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്നത്. രഹസ്യ ബാലറ്റില്‍ ബള്‍ഗേറിയ 160ഉം അല്‍ബേനിയ 123ഉം വോട്ട് നേടിയപ്പോള്‍ റഷ്യക്ക് 83 വോട്ട് മാത്രമാണ് ലഭിച്ചത്. നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വോട്ടെടുപ്പിനുമുമ്ബ് റഷ്യ അവകാശപ്പെട്ടിരുന്നു. അതേസമയം, 193 യു.എൻ അംഗരാജ്യങ്ങളില്‍ 83 പേരുടെ പിന്തുണ റഷ്യക്ക് ലഭിച്ചുവെന്നത് യുക്രെയ്നെയും പാശ്ചാത്യ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നതാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ലാറ്റിൻ അമേരിക്ക, കരീബിയൻ ഗ്രൂപ്പിലെ മൂന്ന് സീറ്റിനുവേണ്ടി നടന്ന മത്സരത്തില്‍ ക്യൂബയും ബ്രസീലും ഡൊമിനിക്കൻ റിപ്പബ്ലിക്കും വിജയിച്ചപ്പോള്‍ പെറു പുറത്തായി. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ക്യൂബക്കാണ് -146. ഏഷ്യ ഗ്രൂപ്പിലെ നാല് സീറ്റുകള്‍ക്കുവേണ്ടി ചൈന, ജപ്പാൻ, ഇന്തോനോഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് മത്സരിച്ചത്. 186 വോട്ട് നേടി ഇന്തോനേഷ്യ മുന്നിലെത്തിയപ്പോള്‍ കുവൈത്തിന് 183 വോട്ടും ജപ്പാന് 175 വോട്ടും ലഭിച്ചു. നാലാമതെത്തിയ ചൈനക്ക് 154 വോട്ടാണ് ലഭിച്ചത്. ആഫ്രിക്കൻ മേഖലയില്‍നിന്ന് മലാവി, ഐവറി കോസ്റ്റ്, ഘാന, ബുറുണ്ടി എന്നിവയും പടിഞ്ഞാറൻ മേഖലയില്‍നിന്ന് നെതര്‍ലൻഡ്സും ഫ്രാൻസും തെരഞ്ഞെടുക്കപ്പെട്ടു.