5000 വര്‍ഷം പഴക്കമുള്ള വൈൻ കണ്ടെത്തി; എവിടെ നിന്നാണെന്ന് അറിയാമോ?
പഴക്കം കൂടുംതോറും വീര്യം കൂടുമെന്ന പ്രയോഗം കേട്ടിട്ടില്ലേ? വൈനിനെ കുറിച്ചാണ് ഇങ്ങനെ വിശേഷിപ്പിക്കാറ്. വൈൻ എത്ര കാലം കൂടുതല്‍ സൂക്ഷിക്കുന്നുവോ അത്രയും വൈനിന്‍റെ രുചിയും ഗുണമേന്മയും കൂടുമെന്നാണ് പറയപ്പെടുന്നത്.ഇതനുസരിച്ച് വര്‍ഷങ്ങളോളമെല്ലാം സൂക്ഷിക്കുന്ന വൈനുണ്ട്.
ഇത്തരത്തില്‍ വര്‍ഷങ്ങളോളം സൂക്ഷിക്കുന്ന വൈൻ പിന്നീട് വലിയ വിലയ്ക്കാണ് വില്‍പന നടത്താറ്. അത്രയും ഡിമാൻഡ് ആണ് ഇങ്ങനെ പഴക്കം ചെന്ന വൈനിന്.
ഇപ്പോഴിതാ അയ്യായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വൈൻ കണ്ടെത്തിയെന്ന വാര്‍ത്തയാണ് ഈ രീതിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അയ്യായിരം വര്‍ഷം പഴകിയ വൈൻ എന്ന് പറയുമ്ബോള്‍ അത് തീര്‍ച്ചയായും കേള്‍ക്കുന്നവരില്‍ ആശ്ചര്യം തീര്‍ക്കും.
സംശയിക്കേണ്ട, സംഗതി പുരാവസ്ത ഗവേഷകര്‍ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. അല്ലാതെ ഇത്രയും പഴകിയ വൈൻ എവിടെ നിന്ന് കണ്ടെത്താനാണ്.
പുരാതനമായൊരു ഈജിപ്ഷ്യൻ ശവകുടീരത്തില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ വൈൻ കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തെ സ്ത്രീ ഫറവോയായി (രാജാവിന് തുല്യം )കണക്കാക്കപ്പെടുന്ന ക്വീൻ മെറേത്ത്-നെയ്ത് എന്ന സ്ത്രീയുടെ ശവകുടീരത്തില്‍ നിന്നാണത്രേ ജര്‍മ്മൻ- ഓസ്ട്രിയൻ പുരാവസ്തു സംഘം വൈൻ നിറച്ചുവച്ച ജാറുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ബിസി മൂവായിരങ്ങളില്‍ അതിപ്രശസ്തയായിരുന്നുവത്രേ ക്വീൻ മെറേത്ത്-നെയ്ത്. ശക്തയായ വനിത എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഇവരുടെ ശവകുടീരത്തില്‍ നിന്ന് ചരിത്രപ്രധാനമായ മറ്റ് പല വസ്തുക്കളും രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്.
ഈജിപ്തിലെ അബിഡോസിലാണ് ഈ ശവകുടീരമുള്ളത്. അബിഡോസിലെ രാജകുടുംബങ്ങളെ അടക്കിയ ശ്മശാനത്തില്‍ ആദ്യമായി സ്വന്തമായി സ്മാരകമുണ്ടായതും ക്വീൻ മെറേത്തിനായിരുന്നുവത്രേ. പുരാതന ഈജിപ്തിന്‍റെ ആദ്യ വനിതാ ഫറവോ ആയി കരുതപ്പെടുന്ന ക്വീൻ മെറേത്തിനെ കുറിച്ച് പക്ഷേ അത്ര വിവരങ്ങളൊന്നും ലഭ്യമല്ല. ഇനി ഗവേഷകര്‍ക്ക് ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കാമെന്നാണ് പ്രതീക്ഷ.
ഇപ്പോള്‍ ഇവരുടെ ശവകുടീരത്തില്‍ നിന്ന് ലഭിച്ചിരിക്കുന്ന വൈൻ, പലതും കേടുപാടുകളില്ലാത്തതാണെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അത്ര നന്നായി പാക്ക് ചെയ്തതാണത്രേ ഇവ. വളരെ നല്ല രീതിയില്‍ ഡിസൈൻ ചെയ്ത് സുരക്ഷിതമായി നിര്‍മ്മിച്ച ശവകുടീരത്തിന് അനുബന്ധമായി മറ്റ് ഏതാനും ശവകുടീരങ്ങള്‍ കൂടിയുണ്ടത്രേ.