ഈ പ്രായത്തിലും പൊളിയാണ് ; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ അച്ഛനും അമ്മയ്ക്കും പറയാനുള്ളത്…
പ്രായം വെറും നമ്ബര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അച്ഛനും അമ്മയും. സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ രണ്ട് താരങ്ങളാണ് 74 വയസുള്ള തുളസീധരനും 64 വയസുള്ള രത്നമ്മയും.
ഏറെ വ്യത്യസ്തമായ റീലുകള്‍ ചെയ്ത് നമ്മുടെ മനസില്‍ ഇടം നേടിയ രണ്ട് പേരാണ് ഇവര്‍.
കൊച്ച് കുട്ടികളെ പോലും ഏറെ സന്തോഷിപ്പിക്കുകയും അതൊടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന റീലുകളാണ് ഇവരുടേത്. കൊല്ലം പുനലൂര്‍ സ്വദേശികളാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ അച്ഛനും അമ്മയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനിനോട് തുറന്ന് സംസാരിക്കുന്നു…
‘നല്ല അഭിപ്രായം കേള്‍ക്കുമ്ബോള്‍ സന്തോഷം മാത്രം…’
തുടക്കം മുതലേ റീല്‍സ് ചെയ്യാൻ ഞങ്ങളെ സഹായിച്ചത് കൊച്ചുമക്കളാണ്. സ്ക്രിപ്റ്റ് നല്ല പോലെ വായിച്ച ശേഷം ഞങ്ങള്‍ ചെയ്യും. ആദ്യമൊക്കെ ചെറുതായൊരു ബുദ്ധിമുട്ടുണ്ടായി. ചെയ്ത് വന്നപ്പോള്‍ ഇപ്പോള്‍ ശരിയായി. നല്ല അഭിപ്രായമാണ് റീല്‍സ് കണ്ട് ആളുകള്‍ പറയാറുള്ളത്. അതില്‍ വളരെ സന്തോഷമുണ്ടെന്ന് രത്നമ്മ പറയുന്നു.
‘കൊച്ചു മക്കളുള്ളത് കൊണ്ടാണ് ഇത്രയും വീഡിയോകള്‍ ചെയ്തത്. വീഡിയോ ചെയ്യുമ്ബോള്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അവര്‍ കൂടി നിന്നു പറഞ്ഞ് തരും…’ – തുളസീധരൻ പറയുന്നു.
‘വിമാനത്തില്‍ കയറണം…’…
അടുത്തിടെ താജ് മഹല്‍ കാണാൻ പോയ യാത്ര ഒരിക്കലും മറക്കില്ല. കുറെ നാളാത്തെ ആഗ്രഹമായിരുന്നു അത്. കൊച്ചുമക്കള്‍ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തന്നു. ഇനി ഒരു ആഗ്രഹം കൂടിയുണ്ട്. വിമാനത്തില്‍ കയറണമെന്നതാണ് ഇനിയുള്ള ആഗ്രഹമെന്നും അവര്‍ പറയുന്നു.
‘റീല്‍സ് കണ്ട് നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്. അത് കേള്‍ക്കുമ്ബോള്‍ തന്നെ ഞങ്ങള്‍ക്ക് ഏറെ സന്തോഷവുമാണ്. ഞങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു താജ്മഹല്‍ കാണണമെന്നത്. അതും കൊച്ചുമക്കള്‍ സാധിച്ചു തന്നു. ആറ് ദിവസത്തെ യാത്രയായിരുന്നു. ഏറെ സന്തോഷം തോന്നി. വിമാനത്തില്‍ കയറണമെന്നതാണ് ഇനിയുള്ള ആഗ്രഹം…’ – തുളസീധരൻ പറഞ്ഞു.
ഞാനും രത്നമ്മയും മാത്രമാണ് വീട്ടിലുള്ളത്. ജീവിതത്തില്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നതാണ് പ്രധാനമെന്നും അവര്‍ പറയുന്നു
പഠിത്തത്തിനിടെ കിട്ടുന്ന സമയത്താണ് റീല്‍സ് ചെയ്യുന്നത്. _acha_mass എന്ന ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിട്ട് ഇപ്പോള്‍ എട്ട് മാസമാകുന്നു. നാല് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സാണ് ഇപ്പോഴുള്ളത്. ഇതിന് മുമ്ബൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. അതിലേക്ക് വീഡിയോകള്‍ ചെയ്തെങ്കിലും പ്രതീക്ഷിച്ച അത്ര എത്തിയിരുന്നില്ല. അതിന് ശേഷമാണ് ഈ പേജ് തുടങ്ങുന്നതെന്ന് കൊച്ച്‌മോൻ അമല്‍ പറയുന്നു. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ആനിമേഷൻ ബിരുദം വിദ്യാര്‍ത്ഥിയാണ് അമല്‍. മള്‍ട്ടിമീഡിയ ബിരുദം വിദ്യാര്‍ത്ഥിയാണ് അഖില്‍.