‘ഗുഡ് ടൈം’ ബിസ്കറ്റ് ‘ഗുഡ് ഡേ’യുടെ കോപ്പിയടിയെന്ന് പരാതി; ബ്രിട്ടാനിയക്ക് അനുകൂല വിധി

ന്യൂഡല്‍ഹി: ‘ഗുഡ് ടൈം’ എന്ന പേരില്‍ വിപണിയിലിറക്കിയ ബിസ്കറ്റിനെതിരെ ‘ഗുഡ് ഡേ’ ബിസ്കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ നല്‍കിയ പരാതിയില്‍ അനുകൂല വിധി.

‘ഗുഡ് ടൈം’ ബിസ്കറ്റ് ബ്രിട്ടാനിയയുടെ പ്രമുഖ ഉല്‍പ്പന്നമായ ‘ഗുഡ് ഡേ’ ബിസ്കറ്റിന്‍റെ കോപ്പിയടിയാണെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈകോടതി വില്‍പന നിര്‍ത്തിവെക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് പ്രതിഭ എം. സിങ്ങാണ് കേസ് പരിഗണിച്ചത്.

തങ്ങളുടേതിന് സമാനമായ ഉല്‍പ്പന്നം സമാനമായ പേരിലും പാക്കേജിലുമാണ് വില്‍ക്കുന്നതെന്നും ഇത് ഉപഭോക്താക്കളെ കബളിപ്പിക്കലാണെന്നും ബ്രിട്ടാനിയയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമര്‍ ബിസ്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് ഗുഡ് ടൈം ബിസ്കറ്റിന്‍റെ നിര്‍മാതാക്കള്‍.

ബ്രിട്ടാനിയയുടെ വാദം അംഗീകരിച്ച കോടതി, ബ്രിട്ടാനിയ ഗുഡ് ഡേ ബിസ്കറ്റ് വ്യാപകമായി പ്രചാരത്തിലുള്ളതും വലിയ വിറ്റുവരവുള്ളതാണെന്നും ചൂണ്ടിക്കാട്ടി. ഉല്‍പ്പന്നവും അതിന്‍റെ പാക്കേജിങ്ങും എല്ലാവരും തിരിച്ചറിയുന്ന ഒന്നാണ്. പരാതിക്കാരന്‍റെ ഉല്‍പ്പന്നത്തിന്‍റെ സ്വീകാര്യത പ്രയോജനപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉല്‍പ്പന്നത്തിന്‍റെ പേരോ പാക്കേജിങ്ങോ അനുകരിക്കാനുള്ള ഏത് ശ്രമവും തടയേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉപഭോക്താക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കും. ഇത് ഭക്ഷ്യ ഉല്‍പ്പന്നമാണെന്നത് കൂടി പരിഗണിക്കുമ്ബോള്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട് -കോടതി പറഞ്ഞു.