ഇന്ന് ലോക ആഹാര ദിനം , കുട്ടികളില്‍ ജങ്ക്ഫുഡ് ശീലം കുറയ്ക്കാൻ കര്‍മ്മ പദ്ധതി

തിരുവനന്തപുരം: കുട്ടികളില്‍ ജങ്ക് ഫുഡ് ശീലം കുറയ്ക്കാൻ സ്കൂളുകളില്‍ ബോധവത്കരണം, ഫാസ്റ്റ് ഫുഡിനെ കരുതലോടെ സ്വീകരിക്കാൻ പ്രചാരണം, റേഷൻ കടകള്‍, സപ്ലൈകോ വിതരണ കേന്ദ്രങ്ങള്‍ വഴി ചെറുധാന്യ വിതരണം.

മാറിയ ഭക്ഷണശീലംമൂലം പെട്ടെന്ന് രോഗികളാകുന്നതില്‍ നിന്ന് പുതുതലമുറയെ രക്ഷിക്കാൻ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു. ഭക്ഷ്യ, ആരോഗ്യ, കൃഷി വകുപ്പുകള്‍ സംയുക്തമായാണ് തയ്യാറാക്കുന്നത്.

വിഷപ്പച്ചക്കറികളുടെ ദോഷ വശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, അവയുടെ വരവ് തടയാൻ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന, ചെറുധാന്യങ്ങളെക്കുറിച്ചുള്ള പ്രചാരണം, ഹോട്ടലുകളിലും ജങ്ക് ഫുഡ് വില്‍ക്കുന്ന കടകളിലും പരിശോധന, തദ്ദേശീയമായി പച്ചക്കറി കൃഷി ഇരട്ടിയാക്കല്‍ തുടങ്ങിയവയാകും കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ജങ്ക് ഫുഡിന്റെ അടക്കം ദോഷവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാകും ആദ്യഘട്ടം.

ആരോഗ്യകരമല്ലാത്ത ആഹാരശീലത്തെപ്പറ്റി ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തും.

പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ കലോറി കുറവും പോഷക സമ്ബുഷ്ടവുമാണ്. കുട്ടികള്‍ വീട്ടിലുണ്ടാക്കുന്ന സമീകൃത ആഹാരം ശീലമാക്കാനും ബോധവത്കരണം നല്‍കും. രണ്ടുവര്‍ഷം മുമ്ബ് ഭക്ഷ്യ, ആരോഗ്യവകുപ്പുകള്‍ പദ്ധതി നടപ്പാക്കാനായി പ്രാഥമിക ആലോചന നടത്തിയിരുന്നെങ്കിലും മുന്നോട്ട് പോയിരുന്നില്ല.

ജങ്ക് ഫുഡ് ദോഷഫലം

ഹൃദ്രോഗം, സ്‌ട്രോക്ക്, അമിത വണ്ണം, വിഷാദരോഗം, ദന്ത- ചര്‍മ്മ പ്രശ്നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മലബന്ധം, അമിത ഉത്കണ്ഠ, ഓര്‍മ്മക്കുറവ്, വൃക്കരോഗം, കരള്‍ വീക്കം.