അതിഥിയായി ‘ടാപിര്‍’ വന്നു; പുരസ്കാരത്തിളക്കത്തില്‍ വിഷ്ണുവിന്റെ ക്ലിക്ക്
ദോഹ:വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കര്‍ എന്നാണ് ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫോട്ടോഗ്രഫിയിലെ പുരസ്കാരം അറിയപ്പെടുന്നത്.
ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ പുരസ്കാരം. ആ നേട്ടത്തിന്റെ നെറുകെയിലാണ് ഖത്തറില്‍നിന്നുള്ള ഒരു മലയാളി. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആനിമല്‍ പോര്‍ട്രെയിറ്റ് ഫോട്ടോ ആയി തിരഞ്ഞെടുത്തത് ഖത്തറില്‍ ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലിന്റെ സുന്ദരമായൊരു ക്ലിക്ക്.
25 ദശലക്ഷം വര്‍ഷത്തോളം പഴക്കമുള്ള വന്യജീവിവംശങ്ങളില്‍ ഒന്നാണ് തെക്കേ അമേരിക്കൻ ടാപിര്‍. വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിയെ ബ്രസീലിലെ അത്ലാന്റിക് മഴക്കാടിനുള്ളില്‍നിന്നും തന്റെ കാമറയില്‍ പകര്‍ത്തിയാണ് ഈ ഖത്തര്‍ പ്രവാസി അന്താരാഷ്ട്ര പുരസ്കാര വേദിയില്‍ തിളങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ലണ്ടനില്‍ നടന്ന ചടങ്ങില്‍ വിഷ്ണു ഗോപാലിനെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ബെസ്റ്റ് ആനിമല്‍ പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫറായി തിരഞ്ഞെടുത്തത്.
നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം പുരസ്കാരത്തിന് അര്‍ഹമായ വിഷ്ണു ഗോപാലിന്റെ ചിത്രം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 95 രാജ്യങ്ങളിലെ 50,000ത്തിലേറെ എൻട്രികളില്‍നിന്നായിരുന്നു വിഷ്ണുവിന്റെ ‘ടാപിര്‍’ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തറില്‍ നിര്‍മാണ മേഖലയിലുള്ള എഫ്.കെ ടൂള്‍സ് എന്ന കമ്ബനിയുടെ കണ്‍ട്രി മാനേജര്‍ എന്ന തിരക്കേറിയ ജോലിക്കിടയിലാണ് ഫോട്ടോഗ്രഫി പാഷനായി കൊണ്ടുനടക്കുന്ന വിഷ്ണു നല്ല ചിത്രങ്ങള്‍ പകര്‍ത്തുന്നത്. തിരക്കും സമ്മര്‍ദവും വേണ്ടുവോളമുള്ള ജോലിയില്‍നിന്നും ഒന്നും രണ്ടും ആഴ്ചകള്‍ അവധിയെടുത്ത് കൂട്ടുകാര്‍ക്കൊപ്പം വിദേശങ്ങളിലെ കാടുകളിലേക്ക് യാത്രചെയ്യുന്നത് ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്, അങ്ങനെയൊരു യാത്രയിലാണ് അവാര്‍ഡ് ചിത്രം മുന്നിലെത്തുന്നത്.
2022 ആഗസ്റ്റില്‍ ഖത്തറില്‍നിന്നുള്ള മൂന്നുപേര്‍ ഉള്‍പ്പെടെ 10 പേരുമായാണ് ബ്രസീലിലെ മഴക്കാടുകളിലേക്ക് എത്തിയത്. കാടിനെയും പരിസ്ഥിതിയെയും വന്യജീവികളെയും അറിയാനുള്ള യാത്രയില്‍ പക്ഷികളുടെ ചിത്രം പകര്‍ത്തുകയായിരുന്നു ലക്ഷ്യം. കാട്ടിനുള്ളില്‍ ക്യാമ്ബ് ചെയ്ത നാളില്‍ ഇതിനിടയിലാണ് അപ്രതീക്ഷിത അതിഥിയായി ‘ടാപിര്‍’മുന്നിലെത്തുന്നത്. സഹയാത്രികയായി രമ്യ തെളിയിച്ച ടോര്‍ച്ച് വെളിച്ചത്തില്‍ വൈഡ് ലെൻസിലേക്ക് വിഷ്ണു ദശലക്ഷം വര്‍ഷങ്ങളുടെ വംശപാരമ്ബര്യമുള്ള അതിഥിയെ പകര്‍ത്തി.
തുമ്ബിക്കൈയൻ…പക്ഷേ, ആനയല്ല
കാഴ്ചയില്‍ തുമ്ബിക്കൈ ഉയര്‍ത്തിനില്‍ക്കുന്ന ആനയെപോലെ തോന്നുന്ന ‘ടാപിര്‍’ന് പക്ഷേ, ആനയുമായി ഒരു കുടുംബബന്ധവുമില്ല. പ്രകൃതിദുരന്തങ്ങളെയെല്ലാം അതിജീവിച്ച്,ഇപ്പോഴും പിടിച്ചുനില്‍ക്കുന്ന ഈ ജീവിവര്‍ഗം ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്. ഇലയും പഴങ്ങളും ഭക്ഷിക്കുന്ന ഇവയെ മനുഷ്യരും വേട്ടയാടിയതോടെ അപൂര്‍വമായി മാറി.
അങ്ങനെ ഏറെ ചരിത്രപ്രാധാന്യമുള്ള അതിഥിയുടെ ചിത്രം നാച്വറല്‍ ഹിസ്റ്ററി അവാര്‍ഡിനായി അപേക്ഷിക്കാനുള്ള വിഷ്ണുവിന്റെ തീരുമാനവും തെറ്റിയില്ല. തിരഞ്ഞെടുത്ത ശേഷം, നിരവധി അന്വേഷണങ്ങള്‍ നടത്തിയാണ് അവാര്‍ഡ് കമ്മിറ്റി അന്തിമ പ്രഖ്യാപനം നടത്തുന്നത്. വന്യജീവികള്‍ക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്കു മാത്രമേ പുരസ്കാരം നല്‍കൂ എന്ന നിയമങ്ങളെല്ലാം പാലിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് വിഷ്ണുവിനെ വിജയിയായി പ്രഖ്യാപിച്ചത്. ഇനി, ലണ്ടനില്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രദര്‍ശന ഹാളില്‍ വിഷ്ണുവിന്റെ ‘ടാപിര്‍’ തലപ്പൊക്കത്തോടെയുണ്ടാവും.
14 വര്‍ഷമായി ഖത്തറിലുള്ള വിഷ്ണു 12 വര്‍ഷമായി സജീവ ഫോട്ടോഗ്രഫിയിലുണ്ട്. ജോലിയുടെ ഇടവേളകളില്‍ കാമറയുമായുള്ള സഞ്ചാരമാണ് പ്രധാനം. പ്രകൃതിയും വന്യജീവികളുംതന്നെ കാമറയില്‍ പകര്‍ത്തുന്നതും. ഫോട്ടോഗ്രഫി ഖത്തര്‍ എന്ന കൂട്ടായ്മയുടെ അമരക്കാരൻ കൂടിയായ വിഷ്ണു, നേരത്തെ ഖത്തറില്‍ പ്രസിദ്ധീകരിച്ച കൂട് മാസികയുടെ ഫോട്ടോ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. കൊട്ടാരക്കര തീര്‍ഥത്തില്‍ ഗോപാലകൃഷ്ണ പിള്ളയുടെയും അംബികയുടെയും മകനാണ്. ഭാര്യ: സോണി. മക്കള്‍: തീര്‍ഥ, ശ്രദ്ധ. കുടുംബത്തിനൊപ്പം വുകൈറിലാണ് താമസം.