അഴുക്കുചാലില്‍ അസ്ഥികള്‍, രാജ്യത്തെ നടുക്കിയ നിഥാരി; പ്രതികള്‍ ശിക്ഷയില്‍നിന്ന് ഒഴിവായതെങ്ങനെ?

ന്യൂ ഡല്‍ഹി: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിലെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടത് സംശയത്തിന്റെ ആനുകൂല്യത്തില്‍.

അവയവ വ്യാപാരം എന്നതടക്കമുള്ളവയെപ്പറ്റി അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിശദമായ ഉത്തരവില്‍ അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നതെന്ന് എൻഡിടിവി റിപ്പോര്‍ട്ടുചെയ്തു.

കേസ് അന്വേഷിച്ച രീതി നിരാശപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മുഖ്യപ്രതിയായ സുരേന്ദ്ര കോലിയെ 12 കേസുകളിലാണ് കുറ്റവിമുക്തനാക്കിയത്. മൊനീന്ദര്‍ സിങ്ങിനെ രണ്ട് കേസുകളിലും. ഇവരുടെ വധശിക്ഷയും റദ്ദാക്കിയിട്ടുണ്ട്.

അന്വേഷണത്തില്‍ അലംഭാവം ഉണ്ടായെന്നും പ്രോസിക്യൂഷൻ കേസ് സുരേന്ദ്ര കോലിയുടെ കുറ്റസമ്മതത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അറസ്റ്റ്, തെളിവ് ശേഖരിക്കല്‍, കുറ്റസമ്മത മൊഴി രേഖപ്പെടുത്തല്‍ എന്നിവയിലെല്ലാം വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തല്‍.

എന്തായിരുന്നു നിഥാരി കൊലപാതക പരമ്പര

2005നും 2006നും ഇടയില്‍ യു.പിയിലെ നോയിഡയില്‍ സെക്ടര്‍ 31നോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടികളെ കാണാതായിരുന്നു. ഇതില്‍ കാണാതായ 10 വയസുകാരി ജ്യോതിയുടെയും എട്ട് വയസുകാരി രച്നയുടെയും രക്ഷിതാക്കള്‍, സംഭവത്തിന് പിന്നില്‍ വ്യവസായിയായ മൊനീന്ദര്‍ സിങിന് ബന്ധുമുണ്ടെന്ന് ആരോപിച്ച്‌ പൊലീസിനെ സമീപിച്ചു. എന്നാല്‍ പോലീസ് നടപടിയെടുത്തില്ല. അതേസമയം,പ്രദേശത്തെ അഴുക്കുചാലില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അഭ്യൂഹം പരന്നു. തുടര്‍ന്ന്, കുട്ടികളുടെ പിതാക്കൻമാര്‍ ചില സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ അഴുക്കുചാല്‍ പരിശോധിക്കുകയായിരുന്നു. ഇവിടെ നിന്ന് മൂന്ന് കുട്ടികളുടെ ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്.

പിന്നീട് ഇവിടേക്കെത്തിയ പൊലീസ് പ്രദേശവാസിയായ മൊനീന്ദര്‍ സിങിനേയും ഇയാളുടെ ജോലിക്കാരനായ സുരേന്ദ്ര കോലിയെയും അറസ്റ്റു ചെയ്തു. 19 കുട്ടികളുടെ അസ്ഥികൂടങ്ങളാണ് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ചോക്ലേറ്റും മിഠായികളും നല്‍കി കുട്ടികളെ വീട്ടിലേക്കെത്തിച്ച കോലി, ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. മൊനീന്ദറിനും കൃത്യത്തില്‍ പങ്കുണ്ടായിരുന്നു എന്നും കണ്ടെത്തി.

അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച

തുടക്കം മുതലേ കേസില്‍ യു.പി. പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നാട്ടുകാരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വരെ കാര്യങ്ങളെത്തി. തുടര്‍ന്ന് അന്നത്തെ മുലായം സിങ് സര്‍ക്കാര്‍ മുതിര്‍ന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ സസ്പെന്റ് ചെയ്തു. ശേഷം കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടു. 19 പേരാണ് മരിച്ചതെന്നും ശരീരങ്ങള്‍ വെട്ടിനുറുക്കിയാണ് ഉപേക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം, ബലാത്സംഗം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സുരേന്ദ്ര കോലിക്കെതിരെ ചുമത്തിയത്. എന്നാല്‍ മൊനീന്ദര്‍ സിങിനെതിരെ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ ഇല്ലായിരുന്നു.

വിചാരണയും കോടതിയുടെ കണ്ടെത്തലുകളും

2009-ല്‍ ആണ് കൊലപാതകപരമ്പരയിലെ ആദ്യ വിധി വരുന്നത്. 14കാരിയായ റിമ്ബ ഹര്‍ദാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കും ഗാസിയാബാദിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും കോടതി കണ്ടെത്തി. മൂന്ന് വര്‍ഷത്തിനിടെ അഞ്ച് കേസുകളില്‍ കൂടി സുരേന്ദ്ര കോലിക്ക് കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ 2011ല്‍ കോലി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. അന്ന് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി ദയാഹര്‍ജിയും തള്ളി.

തൂക്കിലേറ്റുന്നതിന് മുമ്പ് സുപ്രധാന വിധി

2014 സെപ്റ്റംബര്‍ 12നായിരുന്നു കോലിയെ തൂക്കിലേറ്റേണ്ടിയിരുന്നത്. എന്നാല്‍, ശിക്ഷ നടപ്പിലാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടണമെന്ന് ആ മാസം എട്ടിന് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്‌.എല്‍. ദത്തു ഉത്തരവിട്ടു. കോലിയുടെ അഭിഭാഷക ഇന്ദിരജയ്സിങിന്റെ പുനഃപരിശോധനാ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. എന്നാല്‍ അടുത്തമാസം തന്നെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. പിന്നീട് അലഹാബാദ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2019ല്‍ പത്താമത്തെ കേസിലും കോലിക്ക് കോടതി വധശിക്ഷ വിധിച്ചു.

ഇപ്പോള്‍ സംഭവിച്ചത്

കൊലപാതകങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും തെളിവുകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കീഴ്ക്കോടതി വിധി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. മൊത്തം രജിസ്റ്റര്‍ ചെയ്ത 19 കേസുകളില്‍ മൂന്നെണ്ണം തെളിവുകളില്ലെന്ന് കാണിച്ച്‌ സി.ബിസി.ബി.ഐ. നേരത്തെ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാക്കിയുള്ള 16 കേസുകളില്‍ ഇപ്പോള്‍ 12 എണ്ണത്തിലാണ് കോലി കുറ്റവിമുക്തനായത്. മൂന്ന് കേസുകളില്‍ വിചാരണ കോടതി മുമ്ബും ഇയാളെ വെറുതെ വിട്ടിരുന്നു. ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ കോലി ഇപ്പോള്‍ നേരിടുന്നുണ്ട്. മൂന്ന് കേസുകളായിരുന്നു മൊനീന്ദര്‍ സിങിനെതിരെ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിധിയോടെ മൂന്നിലും ഇയാള്‍ കുറ്റവിമുക്തനായി.