‘അവളായിരുന്നു വീടിന്റെ ജീവൻ, വധശിക്ഷ ആഗ്രഹിക്കുന്നില്ല’, മകളുടെ കൊലയില്‍ 15 വര്‍ഷമായി നീതി തേടുന്ന മാതാപിതാക്കള്‍!
ദില്ലി: 15 വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയാണ് ദില്ലിയില്‍ ഒരച്ഛനും അമ്മയും. മകളെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനായി പോരാടിയവര്‍ കോടതി വിധി ഉറ്റുനോക്കുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ കോടതി ഇന്ന് വിധി പറയും. മാതാപിതാക്കളുമായി ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചു. വിശ്വനാഥനും ഭാര്യ മാധവിയ്ക്കും പറയാനേറെയുണ്ട്. അവളായിരുന്നു ഈ വീടിന്റെ ജീവൻ. അവള്‍ പോയ ശേഷം ഞങ്ങളുടെ ജീവിതത്തിനും ജീവനറ്റുവെന്ന് അവര്‍ പറയുന്നു.
2008 സെപ്റ്റംബര്‍ 30. ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥ്. നെല്‍സണ്‍ മണ്‍ഡേല റോഡിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. 2009ല്‍ രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികള്‍ അറസ്റ്റിലായെങ്കിലും വിചാരണ വര്‍ഷങ്ങള്‍ നീണ്ടു.മാതാപിതാക്കളുടെ കാത്തിരിപ്പും.
സാക്ഷികളെ വിസ്തരിക്കാൻ എടുത്ത സമയവും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവവും വിചാരണ നീളാൻ കാരണമായി. കാത്തിരുന്നില്ലേ ഇനിയും കാത്തിരിക്കാമെന്ന് സൌമ്യയുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചത് മുതലാണ് വിചാരണ വേഗത്തിലായത്. പൊലീസ് അന്വേഷണത്തില്‍ മാതാപിതാക്കള്‍ തൃപ്തരാണ്. പ്രതികള്‍ക്ക് കൂടിയ ശിക്ഷ കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.
പ്രോസിക്യൂട്ടറെ നിയമിക്കാനടക്കം താമസം വന്നു. 15 വര്‍ഷം ഒരു ചെറിയ സമയമല്ല. ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. വധശിക്ഷയ്ക്ക് ഞങ്ങള്‍ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവര്‍ക്ക്. ഞങ്ങള്‍ അനുഭവിച്ചത് അവരും അറിയണം. സൗമ്യയുടെ മരണശേഷം ഞങ്ങള്‍ ആകെ തളര്‍ന്നു. മകളെ കുറിച്ചുള്ള പത്രവാര്‍ത്തകളും, പഴയ ഐഡി കാര്‍ഡുകളും, ചേര്‍ത്ത് വെച്ച് ഈ അച്ഛനും അമ്മയും പറയുന്നു. വിധി കേള്‍ക്കാൻ ഇരുവരും ഇന്ന് സാകേത് കോടതിയില്‍ എത്തും. കോടതി വിധിയെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഈ കുടുംബം.