നൗഷാദ് മുങ്ങിയെടുത്ത് ഗോപിനാഥന് നല്‍കിയത് അഞ്ച് പവന്റെ സ്വര്‍ണാഭരണം
ചെറുതുരുത്തി: ദിവസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ നഷ്ടപ്പെട്ട അഞ്ച് പവൻ സ്വര്‍ണാഭരണം നൗഷാദ് മുങ്ങിയെടുത്ത് കൊടുത്തപ്പോള്‍ സന്തോഷം കൊണ്ട് ഗോപിനാഥന് വാക്കുകള്‍ ഇടറി.
വരവൂര്‍ പിലാക്കാട് ഈങ്ങാത്ത് വീട്ടില്‍ ഗോപിനാഥന്റെ മകൻ ശ്രീജിത്തിന്റെ (29) കഴുത്തില്‍ കിടന്ന അഞ്ച് പവന്റെ സ്വര്‍ണമാല ദിവസങ്ങള്‍ക്കുമുമ്പ് പിലാക്കാട് രാമൻകുളങ്ങര ക്ഷേത്രക്കുളത്തില്‍ ബന്ധുവിന്റെ മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞ് കുളിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടത്.
നിരവധി പേര്‍ ദിവസങ്ങളോളം മുങ്ങി മാല കണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം ചെറുതുരുത്തി ഭാരതപ്പുഴയില്‍ ഐസ്ക്രീം കച്ചവടം ചെയ്യുന്ന ക്രിട്ടിക്കല്‍ കെയര്‍ അംഗം കൂടിയായ തളി നടുവട്ടം സ്വദേശിയായ നൗഷാദ് കുളത്തിലിറങ്ങി മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മാല ലഭിച്ചത്.
നൗഷാദ് മുമ്പ് നിരവധി ആളുകളുടെ സ്വര്‍ണം മുങ്ങിയെടുത്തു കൊടുക്കുകയും ഭാരതപ്പുഴയില്‍ അകപ്പെട്ട നിരവധി പേരെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഐസ്ക്രീം വണ്ടിക്കൊപ്പം വെള്ളത്തില്‍ വീഴുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള എല്ലാ സംവിധാനവുമായിട്ടാണ് ഇദ്ദേഹത്തിന്റെ യാത്ര.