കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ജീവനക്കാരും പെൻഷൻകാരും ജൂലൈ മുതൽ ക്ഷാമബത്ത വർദ്ധനയ്ക്കായി കാത്തിരിക്കുകയാണ്. ഡിയർനസ് അലവൻസ്, ഡിയർനസ് റിലീഫ് എന്നിവയിൽ 4 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് അനുമതി.

നാല് ശതമാനം വർധിക്കുന്നതോടെ ക്ഷാമബത്ത 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയരുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉത്സവ സീസൺ വരാനിരിക്കെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം പകരുന്ന വാർത്തയാണിത്. രാജ്യത്തെ 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഗുണപരമാണ് തീരുമാനം.

 

ക്ഷാമബത്ത വർദ്ധന, 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നതായാണ് കണക്കാക്കുക. അങ്ങനെ വരുമ്പോൾ, ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ കുടിശ്ശിക ഉൾപ്പെടെ നവംബർ മുതൽ ലഭിക്കും. അതായത് നവംബർ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർദ്ധിപ്പിച്ച ശമ്പളം പ്രതീക്ഷിക്കാം

ഓരോ ആറുമാസം കൂടുമ്പോഴുമാണ് ഡിഎ, ഡിആർ നിരക്കുകൾ സർക്കാർ പരിഷ്കരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജീവിതച്ചെലവ് ക്രമീകരിക്കാനുള്ള അലവൻസായാണ് ഡിയർനസ് അലവൻസിനെ കണക്കാക്കുന്നത്. അതേസമയം, ജീവിതച്ചെലവ് നേരിടാൻ പെൻഷൻകാരെ സഹായിക്കുന്നതാണ് ഡിയർനസ് റിലീഫ്