പണമിടപാട് 60 ശതമാനവും യു.പി.ഐ. മുഖേന; എ.ടി.എം. ഇടപാട് കുത്തനെ കുറയുന്നു

കണ്ണൂര്‍: രാജ്യത്ത് നടക്കുന്ന ധനവിനിമയങ്ങള്‍ പകുതിയിലേറെയും യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ ഫേസ് (യു.പി.ഐ.) വഴിയായതോടെ എ.ടി.എമ്മിലൂടെയുള്ള ഇടപാട് കുറഞ്ഞത് 30 ശതമാനത്തോളം.
ഡിജിറ്റല്‍ ഇടപാടുകള്‍ 60 ശതമാനത്തിന് മുകളിലെത്തിയതായാണ് എസ്.ബി.ഐ. പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളും യുവാക്കളും ഏറെക്കുറെ ഇടപാട് നടത്തുന്നത് ഫോണ്‍ പേ, ഗൂഗിള്‍ പേ വഴിയാണ്.
അഞ്ചുവര്‍ഷത്തിനിടയില്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി വിനിമയം ചെയ്യുന്ന തുകയില്‍ 50 ശതമാനം വളര്‍ച്ചയുണ്ട്. ഒരു അക്കൗണ്ടിലുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് തത്സമയം മാറ്റുന്ന യു.പി.ഐ. സംവിധാനം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) വികസിപ്പിച്ചെടുത്തതാണ്. അറുപതോളം യു.പി.ഐ. ആപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2016-ലാണ് ഇൗ സംവിധാനം രാജ്യത്ത് നിലവില്‍വന്നത്.
ബാങ്കിടപാടുകളില്‍ വിപ്ലവമുണ്ടാക്കിയതാണ് ഓട്ടോമാറ്റിക്ക് ടെല്ലര്‍ മെഷീന്റെ (എ.ടി.എം.) വരവ്. 1987-ല്‍ എ.ടി.എം. ഇന്ത്യയില്‍ വന്നെങ്കിലും രണ്ട് പതിറ്റാണ്ടിനിടയിലാണ് സാര്‍വത്രികമായത്. പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ പഴയവ പിൻമാറുന്നത് എ.ടി.എമ്മുകളുടെ കാര്യത്തിലും സംഭവിക്കുകയാണ്.
ഡിജിറ്റല്‍ ഇടപാടുകളുടെ മെച്ചം
* ഇടപാടുകള്‍ വേഗത്തിലാക്കാം
* ചില്ലറക്ഷാമം പരിഹരിക്കാം
* യാത്രയില്‍ പണം പോക്കറ്റടിച്ചുപോകുന്നത് ഒഴിവാക്കാം
* കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികളുള്ളപ്പോള്‍ ഏറെ പ്രയോജനം
* കൈയില്‍ പണം സൂക്ഷിക്കേണ്ട ആവശ്യമില്ല.
* ബാങ്കുകള്‍ക്ക് ജീവനക്കാരുടെ എണ്ണവും തിരയ്ക്കും കുറയ്ക്കാം.
സാമ്ബത്തിക ഉപരോധവും എളുപ്പമാകും
ധനമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റിലായിക്കഴിഞ്ഞാല്‍ ഭരണകൂടത്തിന് പൗരൻമാരെ സാമ്ബത്തികമായി ശ്വാസംമുട്ടിക്കാമെന്ന ഭീഷണി നിലനില്‍ക്കുന്നു. ഇന്റര്‍നെറ്റ് വഴിയാണ് ഈ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. നേരത്തേ കശ്മീരിലും അടുത്തിടെ മണിപ്പുരിലും സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സംവിധാനം നിശ്ചലമാക്കിയതോടെ ജനത്തിന്റെ എല്ലാ ഡിജിറ്റല്‍ ഇടപാടുകളും നിലച്ചു. ഭീകര സംഘടനകള്‍ക്കും വേണമെങ്കിലും ഇന്റര്‍നെറ്റ് സംവിധാനം തകര്‍ക്കാം.
ഓണ്‍ലൈൻ തട്ടിപ്പുകളാണ് മറ്റൊരു ഭീഷണി. ഇത്തരം തട്ടിപ്പുകള്‍ സാര്‍വത്രികമായിട്ടുണ്ട്. ഇവ തടയുന്നത് അതിസങ്കീര്‍ണമായതിനാല്‍ പലര്‍ക്കും പണം നഷ്ടപ്പെടാം. ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞവരാണ് മഹാഭൂരിപക്ഷവും. ഇത് മറ്റൊരു പ്രശ്നമാണ്.