ഉടമസ്ഥൻ മരിച്ചതറിയാതെ മോര്‍ച്ചറിക്ക് മുമ്പിൽ ഒരു വര്‍ഷത്തിലധികമായി കാത്തുനില്‍ക്കുന്ന നായ
വളര്‍ത്തുമൃഗങ്ങളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധം നേരിട്ടോ സിനിമയിലൂടെയോ അല്ലെങ്കില്‍ വീഡിയോകളിലൂടെയോ എല്ലാം കാണുമ്പോൾ തന്നെ പലപ്പോഴും നമ്മുടെ കണ്ണ് നനയാറുണ്ട്, അല്ലേ?
ഒരുപക്ഷേ മനുഷ്യരെക്കാള്‍ വിശാലതയും സ്നേഹവും കരുതലും മൃഗങ്ങള്‍ക്കാണെന്ന് നമുക്ക് തോന്നുന്ന മുഹൂര്‍ത്തങ്ങള്‍.
വളര്‍ത്തുമൃഗങ്ങളില്‍ തന്നെ നായകള്‍ക്കാണ് തങ്ങളുടെ ഉടമസ്ഥരോട് ഏറ്റവുമധികം കരുതലും കൂറുമുള്ളതായി കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള എത്രയോ സംഭവകഥകള്‍ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്. ഇപ്പോഴിതാ സമാനമായൊരു സംഭവകഥയാണ് വാര്‍ത്താമാധ്യമങ്ങളിലൂടെയെല്ലാം ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയില്‍ മൃഗസ്നേഹികളുടെ സംഘം പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ നിന്നുമാണ് ‘മോര്‍ഗൻ’ എന്ന നായയുടെ അസാധാരണമായ കഥ ഏവരും അറിഞ്ഞത്.
മോര്‍ഗന്‍റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. ഫിലിപ്പീൻസിലെ കാല്‍കൂണ്‍ സിറ്റിയിലെ എംസിയു ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുമ്പിൽ ഇവനെ പതിവായി കണ്ടുതുടങ്ങിയതോടെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമെല്ലാം ചേര്‍ന്ന് അവനിട്ട പേരാണ് മോര്‍ഗൻ എന്നത്. മോര്‍ച്ചറിക്ക് മുമ്പിൽ കാണുന്നതിനാല്‍ മോര്‍ഗൻ എന്ന് പേര്.
ശരിക്കും മോര്‍ഗൻ ആ ആശുപത്രി മോര്‍ച്ചറി പരിസരത്ത് എത്തിപ്പെട്ടത് തന്‍റെ ഉടമസ്ഥനെ രോഗാതുരനായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്. ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു ഇപ്പോള്‍ ആ സംഭവത്തിന് ശേഷം.
കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായ നിലയിലായിരുന്നുവത്രേ മോര്‍ഗന്‍റെ ഉടമസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹം മരിച്ചത് മാത്രം മോര്‍ഗൻ മനസിലാക്കിയിട്ടില്ല. ഒടുവില്‍ തന്‍റെ ഉടമസ്ഥനെ കണ്ടത് മോര്‍ച്ചറി പരിസരത്തായതിനാല്‍ തന്നെ അദ്ദേഹത്തെ കാത്ത് അത് അവിടെ തമ്ബടിച്ചു.
ഒന്നും രണ്ടും മൂന്നും ദിവസമല്ല, മാസങ്ങളോളം. ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടുവെന്ന് ആശുപത്രിയിലുള്ളവര്‍ പറയുന്നു. ഇവര്‍ അവന് ഭക്ഷണം നല്‍കും. എങ്കിലും അലഞ്ഞുനടക്കുന്ന നായ്ക്കളെ ചിലപ്പോള്‍ അധികൃതര്‍ കണ്ടെത്തി ദയാവധം നടത്തിയേക്കാം.
അതിനാല്‍ മോര്‍ഗന് അനുയോജ്യരായ ഉടമകളെ തേടുകയാണ് ആശുപത്രിയില്‍ നിന്നുള്ളവരും ഒപ്പം മൃഗസ്നേഹികളുടെ കൂട്ടായ്മയും. അവനെ ഏറെ സ്നേഹിക്കുന്ന നല്ലൊരു ഉടമയെ ആണ് അവനായി ഇവര്‍ തിരയുന്നത്. എന്തായാലും മോര്‍ഗന്‍റെ കഥ ഇപ്പോള്‍ അതിര്‍ത്തികളെല്ലാം ഭേദിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ളവരിലേക്കെല്ലാം എത്തിയിരിക്കുകയാണ്.