‘ഇന്നലെ വേദനിച്ചു, ഇന്ന്…’: സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരം കൈമാറി വിവാഹ നിശ്ചയം നടത്തി സ്വവര്‍ഗാനുരാഗികള്‍
ലണ്ടൻ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കര്‍ഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഏതാണ് ആ ചിത്രം എന്നല്ലേ? സുപ്രീംകോടതിക്ക് മുന്‍പില്‍ വെച്ച് മോതിരം കൈമാറുന്ന ചിത്രം.
സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കാത്തതിനോടുള്ള പ്രതികരണമായിരുന്നു കോടതിക്ക് മുന്‍പിലുള്ള ആ മോതിരംമാറ്റം. അഭിഭാഷകനായ ഉത്കര്‍ഷ് സക്‌സേന മുട്ടുകുത്തി നിന്ന് സുപ്രീംകോടതിയെ സാക്ഷിയാക്കി അനന്യയെ മോതിരം അണിയിക്കുകയായിരുന്നു.
“ഇന്നലെ വേദനിച്ചു. ഇന്ന് ഞാനും ഉത്കര്‍ഷ് സക്സേനയും ഞങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച അതേ കോടതിയില്‍ തിരിച്ചെത്തി. മോതിരം കൈമാറി. നിയമപരമായുണ്ടായ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ഞങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ചാണ് പറയുന്നത്. ഞങ്ങള്‍ പോരാടാനായി മറ്റൊരു ദിവസം മടങ്ങിയെത്തും”- അനന്യ കോട്യ ചിത്രത്തിന് ഒപ്പം കുറിച്ചു.
നിയമപരമായ തിരിച്ചടികള്‍ക്കിടയിലും, അനന്യയും ഉത്കര്‍ഷും തങ്ങളുടെ പ്രണയവും വിവാഹ നിശ്ചയവും ആഘോഷിക്കാൻ തീരുമാനിച്ചു. ഭാവിയിലും തുല്യ അവകാശങ്ങള്‍ക്കും അംഗീകാരത്തിനും വേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ദൃഢനിശ്ചയം എടുത്തു.
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി ഇന്നലെയാണ് തള്ളിയത്. കുട്ടികളെ ദത്തെടുക്കാനും സ്വവര്‍ഗ പങ്കാളികള്‍ക്ക് അവകാശമുണ്ടാകില്ല. സ്വവര്‍ഗ പങ്കാളികള്‍ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നല്‍കാനാവില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കേണ്ടത് കോടതിയല്ല, പാര്‍ലമെൻറ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്‍കുന്നത്. ഇത് വിവേചനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്‍റെ വിധിപ്രസ്താവത്തില്‍ പറഞ്ഞു. ജസ്റ്റിസ് എസ് കെ കൗള്‍ ഇതിനോട് യോജിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവര്‍ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളുകയായിരുന്നു.