എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാര്‍ഥി അറസ്റ്റില്‍
കൊട്ടിയം: ലക്ഷക്കണക്കിനു രൂപ വില വരുന്ന മാരകലഹരി വസ്തുവായ എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാര്‍ഥി പൊലീസ് പിടിയിലായി.
കോഴിക്കോട് പാനൂര്‍ കിഴക്കോത്ത് പുതുപറമ്ബില്‍ വീട്ടില്‍ പി.പി. നൗഫല്‍ ആണ് (28) അറസ്റ്റിലായത്. ഇയാള്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാളില്‍നിന്ന് 72 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പ്രഫഷനല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മയക്കുമരുന്ന് വിതരണം നടത്തുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ച അഞ്ചരയോടെ കൊട്ടിയം ജങ്ഷനില്‍ വെച്ചാണ് നൗഫല്‍ പൊലീസ് വലയിലാകുന്നത്. ബംഗളൂരുവില്‍നിന്നെത്തിയ ആഡംബര ബസില്‍ കൊട്ടിയത്ത് ഇറങ്ങുമ്ബോള്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മയക്കുമരുന്നുമായി ഇയാള്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം ജങ്ഷനില്‍ ശക്തമായ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. ബസില്‍
നിന്നിറങ്ങിയ ഉടൻതന്നെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് നൗഫലിന്റെ ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തില്‍ പാക്കറ്റില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തതില്‍ ഇയാള്‍ താമസിച്ചിരുന്ന കുളപ്പാടത്തെ മുറിയില്‍നിന്ന് ഹഷീഷ് ഓയിലും കഞ്ചാവും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിച്ച ത്രാസും കണ്ടെത്തി.
ബംഗളൂരുവില്‍നിന്ന് വലിയ അളവില്‍ മയക്കുമരുന്നു കടത്തിക്കൊണ്ടു വന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്ബും അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ആഡംബരബസില്‍ മയക്കുമരുന്നുമായി വന്നിറങ്ങിയ ഒരാളെ കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളജില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ നൗഫല്‍ സപ്ലിമെന്‍ററി പരീക്ഷയെഴുതുന്നതിനായി തങ്ങുന്നതിനിടയിലാണ് മയക്കുമരുന്നു കച്ചവടവും നടത്തിയിരുന്നത്. കൊട്ടിയം, പാരിപ്പള്ളി എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊല്ലം സിറ്റി ഡാൻസാഫ് ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.