കാലവര്‍ഷം മടങ്ങി; ഇനി തുലാവര്‍ഷം, സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായി പിന്മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിചേരും.
കോമറിന് തീരത്തായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറും. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ തുടരാനാണ് സാധ്യത.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്. കേരള, കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധത്തിന് വിലക്ക് നിലനില്‍ക്കുകയാണ്.
തുലാവര്‍ഷരത്തിെൻറ തുടക്കം ദുര്‍ബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദംസ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച്‌ ശക്തി കൂടിയ ന്യൂനമര്‍ദമാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മര്‍ദ്ദമായി മാറാൻ സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍കടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതചുഴി ഒക്ടോബര്‍ 21 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ചേക്കും.