കാറില്‍ രഹസ്യ അറകള്‍, പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി, രണ്ട് കോടിയുടെ നോട്ടുകെട്ടുകള്‍; യുവാക്കള്‍ പിടിയില്‍
കൊച്ചി: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേര് പെരുമ്ബാവൂരില്‍ പിടിയില്‍.ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹൻ, കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറല്‍ ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷൻ ഫോഴ്സും പെരുമ്ബാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്ബത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന.
കാറില്‍ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയില്‍ നിന്ന് സാഹസികമായി പിന്തുടര്ന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്. എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.പി ജുവനപ്പടി മഹേഷ്, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ എസ്.പി പി പി ഷംസ്, ഇൻസ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്ഐമാരായ റിൻസ്. എം തോമസ്, ജോസി .എം ജോണ്സൻ , എ.എസ്.ഐ
എം.ജി ജോഷി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.കെ. മീരാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.