“നിങ്ങള്‍ തന്നെയൊരു നാണക്കേടാണ്”; ആഗോള പട്ടിണി സൂചികക്കെതിരായ പരാമര്‍ശത്തില്‍ സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.വിശപ്പെന്ന വികാരത്തെ പരിഹസിക്കരുതെന്നും നിങ്ങള്‍ ഒരു നാണക്കേടാണെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. “നിങ്ങളുടെ വിവരമില്ലായ്മയാണോ അതോ നിങ്ങളുടെ നിര്‍വികാരതയാണോ- ഇതില്‍ എതാണ് ലജ്ജാകരമെന്ന് എനിക്കറിയില്ല. നിങ്ങള്‍ ഇന്ത്യയുടെ വനിത-ശിശുക്ഷേമ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയാണ്. നിങ്ങളില്‍ നിന്നും ഇത്തരമൊരു പരാമര്‍ശമുണ്ടാകുന്നത് ഭയാനകമാണ്. നിങ്ങള്‍ ഒരു നാണക്കേടാണ്. വിശപ്പെന്ന വികാരത്തെ പരിഹസിക്കരുത്. നിങ്ങള്‍ അധികാരമുള്ള ഒരു സ്ത്രീയാണ്, ഈ ഇന്ത്യ മഹാരാജ്യത്തിലെ മന്ത്രിയാണ്. വിമാനത്തില് നിങ്ങള്‍ക്കാവശ്യത്തിനുള്ള ഏത് തരം വിഭവം വേണമെങ്കിലും ലഭ്യമാണ്. ഭക്ഷണം ഖഴിക്കാൻ പറ്റാതാകുന്നതും ഭക്ഷണം കിട്ടാത്തതും രണ്ടും രണ്ട് വിഷയങ്ങളാണ് മാഡം” – സുപ്രിയ ശ്രീനേറ്റ് കുറിച്ചു.

ശിവസേന യു.ബി.ടി നേതാവ് പ്രിയങ്ക ചതരുര്‍വേദിയും മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഭക്ഷണം കഴിക്കാനുള്ള സമയമില്ല, കഴിക്കാൻ ഭക്ഷണവുമില്ല. ധിക്കാരത്തിന് ഒരു പേരുണ്ടെങ്കില്‍ അത് ഈ മന്ത്രി ജിയാണ് എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചിത്രം പങ്കുവെച്ച്‌ കൊണ്ട് പ്രിയങ്ക എക്സില്‍ കുറിച്ചത്.

സമൂഹമാധ്യമങ്ങളിലും മന്ത്രിക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന പോഷകാഹാരക്കുറവിനെയും പട്ടിണിയെയും ഫ്ലൈറ്റ് യാത്രക്കിടെ മുടങ്ങിയപ്പോയ ഒരു നേരത്തെ ഭക്ഷണത്തിന്‍റെ കഥ വെച്ചാണ് മന്ത്രി താരതമ്യം ചെയ്യുന്നതെന്നും ഇത് ശരിയായ നടപടിയല്ലെന്നും ഉപ‍യോക്താക്കള്‍ പറയുന്നു. മണ്ടത്തരം വിളിച്ച്‌ പറയുമ്ബോഴും കാണിക്കുന്ന ആത്മവിശ്വാസത്തിനും ധൈര്യത്തിനുമാണ് പ്രശംസയെന്ന പരിഹാസവും ഉയരുന്നുണ്ട്.ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍നിന്ന് 3000 പേരെ ഫോണില്‍ വിളിച്ച്‌ നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് ഇത്തരം സൂചികയുണ്ടാക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ‘വീട്ടില്‍നിന്ന് രാവിലെ നാലിന് പുറപ്പെട്ട് അഞ്ച് മണിക്കുള്ള വിമാനത്തില്‍ കൊച്ചിയില്‍ ഒരു കോണ്‍ക്ലേവില്‍ പങ്കെടുക്കാൻ പോവുകയും പത്ത് മണിയായിട്ടും ഭക്ഷണമൊന്നും കിട്ടാതിരിക്കുകയും ചെയ്തസമയത്ത് ആരെങ്കിലും ഫോണില്‍ വിളിച്ച്‌ താങ്കള്‍ക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട് എന്നേ ഞാൻ പറയൂ’ എന്നുമായിരുന്നു സ്മൃതി ഇറാനി നടത്തിയ പരാമര്‍ശം.ആഗോള പട്ടിണിസൂചികയില്‍ 125 രാജ്യങ്ങളില്‍ ഇന്ത്യ 111ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.