Gold Medal | ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ ഹൈജമ്ബില്‍ ഇന്ത്യൻ താരം നിഷാദ് കുമാറിന് സ്വര്‍ണം; നേട്ടം പുതിയ ഏഷ്യൻ ഗെയിംസ് റെക്കോര്‍ഡോടെ

ഹാങ്‌ഷൗ: ചൈനയിലെ ഹാങ്‌ഷൗവില്‍ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഹൈജമ്ബ് ടി 47-ല്‍ പുതിയ ഏഷ്യൻ ഗെയിംസ് റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ നിഷാദ് കുമാര്‍ സ്വര്‍ണം നേടി.
2.02 മീറ്റര്‍ ചാടിയാണ് നിഷാദ് മറ്റ് എതിരാളികളെ പിന്നിലാക്കിയത്. ചൈനയുടെ ഹോങ്‌ജി ചെൻ 1.94 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍ അഞ്ചാം ശ്രമത്തില്‍ 1.94 മീറ്റര്‍ പിന്നിട്ട ഇന്ത്യയുടെ രാം പാല്‍ വെള്ളി നേടി.
അതേസമയം, പുരുഷന്മാരുടെ ഷോട്ട്പുട്ട്-എഫ്-11 ല്‍ ഇന്ത്യൻ താരം മോനു ഗംഗസ് വെങ്കല മെഡല്‍ കരസ്ഥമാക്കി. തന്റെ നാലാം ശ്രമത്തില്‍ 12.33 മീറ്റര്‍ എറിഞ്ഞ് സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് മോനു കാഴ്ചവച്ചത്. 13.92 മീറ്റര്‍ പിന്നിട്ട് ഇറാന്റെ അമിര്‍ ഹുസൈൻ സ്വര്‍ണം നേടിയപ്പോള്‍ 13.30 മീറ്റര്‍ എറിഞ്ഞ് ഇറാന്റെ തന്നെ മഹ്ദി ഒലാദ് വെള്ളി കരസ്ഥമാക്കി. ഇന്ത്യൻ താരം ബാലാജി രാജേന്ദ്രൻ മികച്ച വ്യക്തിഗത പ്രകടനം (11.56 മീറ്റര്‍) പുറത്തെടുത്തെങ്കിലും മെഡല്‍ നേടാനായില്ല.
നേരത്തെ, പുരുഷന്മാരുടെ ഹൈജമ്ബ്-ടി 63 ഇനത്തില്‍ യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം നേടി ശൈലേഷ് കുമാര്‍, മാരിയപ്പൻ തങ്കവേലു, റാം സിംഗ് പധ്യാര്‍ എന്നിവര്‍ പാരാ ഏഷ്യൻ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യൻ ആധിപത്യം പ്രകടമാക്കിയിരുന്നു. ശൈലേഷ് 1.82 മീറ്റര്‍ പ്രകടനത്തോടെ, പുരുഷൻമാരുടെ ഹൈജംപ്-ടി 42-ല്‍ ഏഷ്യൻ റെക്കോര്‍ഡ് ഉടമയായ മാരിയപ്പനെ 0.2 മീറ്റര്‍ വ്യത്യാസത്തില്‍ മറികടന്നാണ് സ്വര്‍ണം നേടിയത്. തന്റെ സീസണിലെ ഏറ്റവും മികച്ച ദൂരം കുറിച്ച (1.80 മീറ്റര്‍) മാരിയപ്പന് പക്ഷേ, വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു, റാം സിംഗ് 1.78 മീറ്ററോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
വനിതകളുടെ വിഎല്‍2 കനോയിങ്ങില്‍ വെള്ളി മെഡല്‍ നേടിയാണ് പ്രാചി യാദവ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഫൈനലില്‍ 1.022 സെക്കൻഡ് വ്യത്യാസത്തിലാണ് ഉസ്‌ബെക്കിസ്ഥാന്റെ ഇറോഡഖോണ്‍ റുസ്തമോവ സ്വര്‍ണം നേടിയത്. പ്രാചി 1:03.47 സെക്കൻഡില്‍ വെള്ളി മെഡല്‍ ഉറപ്പിച്ചപ്പോള്‍ ഇറോഡഖോണ്‍ 1:02.125 സെക്കൻഡില്‍ സ്വര്‍ണം നേടി. 1:11.63സെക്കൻഡില്‍ ജപ്പാന്റെ സാകി കൊമത്സു വെങ്കല മെഡല്‍ നേടി.
2018 ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസില്‍ 15 സ്വര്‍ണവും 24 വെള്ളിയും 33 വെങ്കലവും അടക്കം 72 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ ഇത് മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ താരങ്ങള്‍. അടുത്തിടെ സമാപിച്ച ഏഷ്യൻ ഗെയിംസില്‍ 107 മെഡലുകള്‍ നേടിയ ഇന്ത്യൻ സംഘത്തിന്റെ ചരിത്രപരമായ പ്രകടനം നാലാം ഏഷ്യൻ പാരാ ഗെയിംസിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.