ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ മഴ, ഒരു മരണം.

ചെന്നൈ: ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ മഴ. ശിവഗംഗ ജില്ലയിലെ കാരക്കുടിയിൽ ഒരാൾ മരിച്ചു.  ബുധനാഴ്‌ച രാത്രിമുതൽ  ചെന്നൈയടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ മഴ പെയ്തു‌‌. കാവേരി തീരം, രാമനാഥപുരം എന്നിവടങ്ങളിൽ ഒമ്പത്‌ മുതൽ 20സെന്റീമീറ്റർ വരെ മഴ ലഭിച്ചു. തൂത്തുക്കുടിവഴിയുള്ള ട്രെയിനുകൾ റദ്ദാക്കി.

ശനിയാഴ്‌ച വരെ മീൻപിടിക്കാൻ പോകുന്നതിനു നിരോധനം ഏർപ്പെടുത്തി. പാമ്പനിൽ 300 പേരടക്കം രാമനാഥപുരം ജില്ലയിൽ അയ്യായിരത്തിലധികം പേരെ മാറ്റി താമസിപ്പിച്ചു. പുതുച്ചേരിയിൽ സ്‌കൂളുകൾക്ക്‌ വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു.

 

സംസ്ഥാനത്തിന്റെ ദക്ഷിണ തീരദേശ മേഖലയിൽ ചുഴലിക്കാറ്റിന്റെ ഭാഗമായി ഒരു മീറ്റർ ഉയർത്തിൽ തിരമാലയുണ്ടാകുമെന്ന്‌ മുന്നറിയിപ്പുണ്ട്‌. രാമനാഥപുരം, തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി എന്നിവടങ്ങളിലാണ്‌ വലിയ തിരമാലകൾക്ക്‌ സാധ്യത.

ശ്രീലങ്കയിൽ തീരം തൊട്ട ബുറേവി കന്യാകുമാരിക്കും പാമ്പനുമിടയിലൂടെയാണ്‌ ഇന്ത്യൻ തീരത്തേക്ക്‌ പ്രവേശിച്ചത്‌. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാമേശ്വരം തീരത്ത്‌ നാവിക സേനയുടെ മുങ്ങൽ, ദുരന്ത നിവാരണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്‌. നാവിക സേനയുടെ രണ്ടു കപ്പലും നാലു ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിന്‌ സജ്ജമാക്കി. വിവിധ ജില്ലകളിൽ ദേശീയ ദുരന്ത പ്രതിരോധ സേനയെ വിന്യസിച്ചിട്ടുണ്ട്‌.

വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലും കനത്ത മഴയും കാറ്റുമുണ്ട്‌. വ്യാഴാഴ്‌ച വൈകീട്ട്‌ ഏഴ്‌ മണിക്ക്‌ ശേഷം മേഖലയിൽ ഗതാഗതം നിരോധിച്ചു. ചെന്നൈയിലെ ചെമ്പരമ്പാക്കം ജലസംഭരണി നിറഞ്ഞതിനെ തുടർന്ന്‌ ഷട്ടറുകൾ തുറന്നു.