വിദ്യാര്‍ഥികളെ ബഹുസ്വരത പഠിപ്പിക്കും ;പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസമന്ത്രാലയം

ന്യൂഡല്‍ഹി: സാമ്പത്തിക-സാമൂഹിക-ആരോഗ്യ അസമത്വങ്ങളും വിവേചനങ്ങളും മാറ്റിനിര്‍ത്തി സ്കൂള്‍വിദ്യാര്‍ഥികളെ സമത്വത്തിന്റെയും ബഹുസ്വരതയുടെയും പാഠങ്ങള്‍ പഠിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രാലയം.

വ്യത്യസ്ത ചുറ്റുപാടുകളില്‍നിന്ന്‌ എത്തുന്ന വിദ്യാര്‍ഥികളെ ഒരുമയുടെ പാഠം പഠിപ്പിക്കാൻ അധ്യാപകര്‍ക്ക്‌ പ്രത്യേക പരിശീലനംനല്‍കും. തുല്യവും സമഗ്രവുമായ സ്കൂള്‍ വിദ്യാഭ്യാസസംവിധാനം ഉറപ്പാക്കുന്നതിനും പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും ചട്ടക്കൂടും മന്ത്രാലയം പുറത്തിറക്കി.

എൻ.സി.ഇ.ആര്‍.ടി. (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച്‌ ആൻഡ് ട്രെയിനിങ്), ഡി.ഇ.ജി.എസ്.എൻ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ഓഫ് ഗ്രൂപ്‌സ് വിത്ത് സ്പെഷല്‍ നീഡ്‌സ്) എന്നിവ സംയുക്തമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. ആറുവര്‍ഷത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കും. അതിനാവശ്യമായ പാഠ്യപദ്ധതി പരിഷ്കരണവുമുണ്ടാകും.

സാമ്ബത്തിക-സാമൂഹിക-ആരോഗ്യ പരിമിതികളിലുള്ള വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി സര്‍വശിക്ഷാ അഭിയാൻ (2001), രാഷ്ട്രീയ മഥമിക് ശിക്ഷാ അഭിയാൻ (2009), സമഗ്ര ശിക്ഷാ സ്കീം (2018, 2022) തുടങ്ങി ഒട്ടേറെ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന തലത്തില്‍ നടപ്പാക്കിയെങ്കിലും വിവേചനത്തിന്റെ മതിലുകള്‍ തകര്‍ക്കാനാകുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം വിലയിരുത്തുന്നു.

ചട്ടക്കൂടിലെ നിര്‍ദേശങ്ങളില്‍ ചിലത്

-വിദ്യാര്‍ഥികളുടെ ചുറ്റുപാടുകള്‍ ആഴത്തില്‍ മനസ്സിലാക്കി പഠനത്തിനുള്ള പരിതഃസ്ഥിതി അധ്യാപകരും സ്കൂള്‍ അധികൃതരും ഒരുക്കിനല്‍കണം.

-ആവശ്യമെങ്കില്‍ വിദ്യാര്‍ഥിക്കും രക്ഷിതാവിനും കൗണ്‍സിലിങ് നല്‍കണം. സ്കൂളില്‍ ഒരു മുഴുവൻസമയ സൈക്കോളജിസ്റ്റിനെ നിയമിക്കണം.

-ലിംഗവിവേചനങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും ട്രാൻസ്‌ജെൻഡറുകള്‍ക്കും പ്രത്യേക ധനസഹായം ഉറപ്പാക്കണം.

-വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹൃദമാകണം.

-സൗജന്യനിരക്കില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഒരുക്കണം.

-കസ്തൂര്‍ബാഗാന്ധി ബാലികാവിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കണം.

-ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി ഹോം ലേണിങ് ഉള്‍പ്പെടെ ഇതര പഠനമാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനുള്ള സഹായങ്ങള്‍ സ്കൂളില്‍നിന്ന് നല്‍കണം.

-അധ്യാപകപരിശീലന കോഴ്‌സുകളില്‍ മനുഷ്യാവകാശങ്ങളെയും മാനുഷിക മൂല്യങ്ങളെയും പഠനവിഷയങ്ങളാക്കണം.

പൂവിടാതെ കൊഴിയുന്നവര്‍

: 2021-22-ലെ യു.ഡി.ഐ.എസ്.ഇ.യിലെ (യൂണിഫൈഡ് ഡിസ്ട്രിക്‌ട്‌ ഇൻഫര്‍മേഷൻ സിസ്റ്റം ഫോര്‍ എജ്യുക്കേഷൻ) വിവരങ്ങള്‍പ്രകാരം രാജ്യത്തെ 14.89 ലക്ഷം സ്കൂളുകളിലായി പ്രീപ്രൈമറിമുതല്‍ ഹയര്‍ സെക്കൻഡറിവരെ ക്ലാസുകളില്‍ 26.52 കോടി വിദ്യാര്‍ഥികളാണുള്ളത്. ഭിന്നശേഷിക്കാര്‍, സാമ്ബത്തിക-സാമൂഹിക പിന്നാക്കക്കാര്‍, പെണ്‍കുട്ടികള്‍, ട്രാൻസ്‌ജെൻഡറുകള്‍ എന്നിവരിലാണ് ഏറ്റവുമധികം കൊഴിഞ്ഞുപോക്ക്. 22.4 ലക്ഷം ഭിന്നശേഷിക്കാരാണ് നിലവില്‍ സ്കൂളുകളിലുള്ളത്. ഭിന്നശേഷിസൗഹൃദ ശൗചാലയങ്ങള്‍ (25.7 ശതമാനം), റാമ്ബ് സൗകര്യമുള്ള ക്ലാസ് മുറികള്‍ (49.72 ശതമാനം) എന്നിവയുള്ള വിദ്യാലയങ്ങള്‍ വളരെ കുറവാണ്. മറ്റുപിന്നാക്ക വിഭാഗങ്ങളിലായി 44.9 ശതമാനം പേരും ന്യൂനപക്ഷവിഭാഗങ്ങളിലായി 32.1 ശതമാനം പേരും സ്കൂളുകളിലുണ്ട്.