കറാച്ചി: തുടര്‍ തോല്‍വികളില്‍ വട്ടം തിരിയുന്ന പാകിസ്ഥാന്‍ ടീം നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ബാബറിന് കഴിയുന്നില്ലെന്ന് അഫ്രീദി സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദേശീയ ടീമിന്‍റെ ക്യാപ്റ്റനാകുക എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. പക്ഷെ അത് പട്ടുമെത്തയാണെന്ന് തെറ്റിദ്ധരിക്കരുത്. നല്ലത് ചെയ്താല്‍ എല്ലാവരും അഭിനന്ദിക്കും. എന്നാല്‍ പിഴവ് പറ്റിയാല്‍ എല്ലാവരും കുറ്റപ്പെടുത്തും. കളി ജയിക്കില്ലെന്ന് ഉറപ്പായിരിക്കുമ്പോള്‍ തോടിനുള്ളില്‍ ഒളിച്ചിരിക്കുന്ന ക്യാപ്റ്റനെയല്ല ടീമിന് വേണ്ടത്. പാക് ടീം പലപ്പോഴും അത്ഭുതങ്ങള്‍ സംഭവിക്കാനായി കാത്തിരിക്കുകയാണ്. എന്നാല്‍ പൊരുതാന്‍ തയാറാവുന്നവര്‍ക്ക് മാത്രമെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവു എന്ന് നിങ്ങള്‍ മനസിലാക്കണം.
പാക് ടീമിന്‍റെ ഫീല്‍ഡിംഗിനെയും അഫ്രീദി കുറ്റപ്പെടുത്തി. ക്യാപ്റ്റനാണ് ഒരു ടീമിന്‍റെ എല്ലാമെല്ലാം. ഫീല്‍ഡിംഗില്‍ ക്യാപ്റ്റന്‍ പന്ത് പിടിക്കാനായി ഡൈവ് ചെയ്യുയോ അതിനായി ശ്രമിക്കുകയോ ചെയ്താല്‍ സഹതാരങ്ങള്‍ക്കും അങ്ങനെ ചെയ്യാതിരിക്കാനാവില്ല. കാരണം, ക്യാപ്റ്റന്‍ അങ്ങനെ ചെയ്യുമ്പോള്‍ കൂടെയുള്ളവര്‍ അത് ചെയ്തില്ലെങ്കില്‍ അവര്‍ സ്വയം പരിഹാസ്യരാകും. ഇന്‍സമാം ഉള്‍ ഹഖ് ഡൈവ് ചെയ്ത് പന്ത് പിടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത് ചെയ്യാതിരിക്കാനാവില്ലല്ലോ.
ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴും മുഹമ്മദ് യൂസഫ് ക്യാപ്റ്റനായിരുന്നപ്പോഴുമെല്ലാം സഹതാരങ്ങളുടെ ഓരോ മികച്ച പ്രകടനത്തിനും അവരെ ഓടിപ്പോയി അഭിനന്ദിക്കുമായിരുന്നു. അതുവഴി ടീമിനാകെ ഒരു ഉണര്‍വ് കിട്ടും. ക്യാപ്റ്റന്‍ ഒന്നും ചെയ്തില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ടീമിന് പ്രചോദനം ലഭിക്കുക. എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നത് ക്യാപ്റ്റന്‍റെ ജോലിയാണ്. എതിരാളിക്ക് ജയിക്കാന്‍ 12 പന്തില്‍ നാലു റണ്‍സ് മാത്രം വേണ്ടപ്പോള്‍ അതും ഒരു പേസ് ബൗളര്‍ പന്തെറിയുമ്പോള്‍ സ്ലിപ്പിലോ പോയന്‍റിലോ ഫീല്‍ഡറില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ആക്രമിക്കുകയെന്നും ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയെ കണ്ടു പഠിക്കണമെന്നും അഫ്രീദി പറഞ്ഞു.