‘ആ 30മിനിറ്റ് കാണാതെ പോകരുത്, ലിയോ വെറും സിനിമയല്ല..’: പ്രശംസിച്ച്‌ പ്രശാന്ത് നീല്‍

സമീപകാലത്ത് റിലീസ് ചെയ്തതില്‍ വച്ച്‌ ഏറ്റവും ഹൈപ്പ് നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. ലോകേഷ് കനരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ചിത്രം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയെങ്കിലും ബോക്സ് ഓഫീസില്‍ വൻ നേട്ടം കൊയ്യുകയാണ്.

ഈ അവസരത്തില്‍ ചിത്രത്തെ പ്രശംസിച്ച്‌ കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെജിഎഫ് എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍.

ലിയോ വെറുമൊരു സിനിമ അല്ലെന്നും ആഘോഷമാണെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. ‘ലിയോ സിനിമ കണ്ടു, ചിത്രമൊരു ഫുള്‍ഓണ്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ്. സംവിധായകന്‍ ലോകേഷ് നടന്‍ വിജയിയെ വേറൊരു ലെവലില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമയില്‍ ഒരു സര്‍പ്രൈസ് ഉണ്ട്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം സിനിമയെ കൂടുതല്‍ മികച്ചതാക്കി മാറ്റി. സിനിമയുടെ അവസാന 30 മിനിറ്റ് സ്‌ഫോടനാത്മകമാണ്. എല്ലാവരും അതു കാണാതെ പോകരുത്. പോയി കാണൂ. ഇത് വെറുമൊരു സിനിമയല്ല, ആഘോഷമാണ്’, എന്നാണ് പ്രശാന്ത് നീല്‍ കുറിച്ചത്.

ഒക്ടോബര്‍ 19ന് ആയിരുന്നു ലിയോയുടെ റിലീസ്. ഇതുവരെ ചിത്രം നേടിയത് 461 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. പ്രീ- സെയില്‍ ബിസിനസിലൂടെ തന്നെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം തമിഴ് ഇന്‍റസ്ട്രിയില്‍ മറ്റൊരു ചരിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇവര്‍ പറയുന്നു. ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പില്‍ നിന്ന് ലിയോ 15 കോടി രൂപ നേടി. കേരളത്തില്‍ നിന്നും 47കോടിക്ക് മേല്‍ നേടിക്കഴിഞ്ഞു.

മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിച്ച ചിത്രമാണ് ലിയോ. മാസ് ആക്ഷന്‍ ത്രില്ലറിലൊരുങ്ങിയ ചിത്രത്തില്‍ തൃഷ, മന്‍സൂര്‍ അലിഖാന്‍, ബാബു ആന്‍റണി, മാത്യു, സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, അര്‍ജുന്‍ സര്‍ജ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.