പാക് വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്
ജമ്മു: ഇന്ത്യൻ പോസ്റ്റിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്.പരിക്കേറ്റ ജവാനെ ജമ്മുവിലെ ജി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍ തകര്‍ന്ന വീടുകളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ജമ്മു ആര്‍.എസ് പുരയിലെ അര്‍നിയ സെക്ടറിന് സമീപത്തെ വീടുകളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ വെടിയുതിര്‍ത്തത്. ജമ്മുവിലെ അര്‍നിയ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന ഇന്ത്യൻ പോസ്റ്റിനു നേരെയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പ് വൈകിയും തുടരുന്നതായാണ് റിപ്പോര്‍ട്ട്.
പ്രകോപനമൊന്നുമില്ലാതെയാണ് പാക് സേനയുടെ വെടിവെപ്പുണ്ടായത്. തുടര്‍ന്ന് ഇന്ത്യൻ സേന തിരിച്ചടി നല്‍കിയെന്ന് ബി.എസ്.എഫ് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 17ന് സമാന രീതിയില്‍, ഇതേ സ്ഥലത്ത് പാക് സേന നടത്തിയ
വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫുകാര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത സുരക്ഷ സേന, അഞ്ച് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മക്ച്ചില്‍ സെക്ടറില്‍ സൈന്യവും ജമ്മു-കശ്മീര്‍ പൊലീസും ചേര്‍ന്നാണ് സംയുക്ത ഓപറേഷൻ നടത്തിയത്. ആദ്യം രണ്ടു പേരാണ് കൊല്ലപ്പെട്ടത്. വീണ്ടും ഏറ്റുമുട്ടലുണ്ടായതോടെ മൂന്ന് തീവ്രവാദികളെ കൂടി സുരക്ഷ സേന കൊലപ്പെടുത്തി.
കുപ്‌വാര പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ സേന നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നിയന്ത്രണരേഖയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാനായിരുന്നു തീവ്രവാദികളുടെ ശ്രമം. കൂടുതല്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നതായി സൂചനയുള്ളതിനാല്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.