കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം
കൊടുങ്ങല്ലൂര്‍: മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് രാജ്യാന്തര അംഗീകാരം.
കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കൃത്യത, കുറ്റാന്വേഷണ മികവ്, കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും തടയല്‍ തുടങ്ങിയവ ഐ.എസ്.ഒ അംഗീകാരത്തിന് സഹായകരമായി. സ്റ്റേഷനിലെയും പരിസരത്തെയും ശുചിത്വം, ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സമീപനവും പരാതികള്‍ സ്വീകരിക്കുന്നതുമുതല്‍ തീര്‍പ്പാക്കുന്നതുവരെയുള്ള നടപടികളും ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്നതും അനുകൂല ഘടകങ്ങളായി. സ്റ്റേഷൻ രേഖകളുടെ അടുക്കും ചിട്ടയുമുള്ള ക്രമീകരണം, ശിശുസൗഹൃദ കേന്ദ്രം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമസംവിധാനങ്ങള്‍, നവീന ഫിറ്റ്നസ് സെൻറര്‍, സന്ദര്‍ശകര്‍ക്കുള്ള വിശ്രമ സൗകര്യങ്ങള്‍ എന്നിവയും പ്രതിനിധികള്‍ അംഗീകാരത്തിന് പരിഗണിച്ചു. സ്റ്റേഷനു മുന്നിലെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ചെടികളും സ്റ്റേഷന് ഒരു ഹരിത മുഖം നല്‍കുന്നു.
തൃശൂര്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേഷനുകളിലൊന്നാണ് കൊടുങ്ങല്ലൂര്‍.പ്രദേശത്ത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇടമില്ലാതാക്കിയതും പരിഗണനാര്‍ഹമായി. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 200ലധികം കേസുകളില്‍ ഭൂരിഭാഗത്തിലും കൃത്യമായ അന്വേഷണം നടത്തി അതത് മാസം കുറ്റപത്രം സമര്‍പ്പിക്കുന്നതിനാല്‍ സ്റ്റേഷനില്‍ അന്വേഷണാവസ്ഥയിലുള്ള കേസുകളുടെ എണ്ണം തുലോം കുറവാണ്.
സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും അശ്രാന്തപരിശ്രമവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഇ.ആര്‍. ബൈജു പറഞ്ഞു. 2022 രണ്ടാം പാദത്തില്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനുളള ജില്ല പൊലീസ് മേധാവിയുടെ അംഗീകാരം കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനായിരുന്നു. തൃശൂര്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെ, ഡി.വൈ.എസ്.പി എൻ. എസ്. സലീഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇൻസ്പെക്ടര്‍ ഇ.ആര്‍. ബൈജു, എസ്.ഐ ഹാരോള്‍ഡ് ജോര്‍ജ് എന്നിവര്‍ സ്റ്റേഷൻ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.