സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകൾ. ഇവിടെ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ നിർദേശിച്ചു.
സംസ്ഥാന പൊലീസ് മേധാവി കമീഷന് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ കണ്ണൂർ ജില്ലയിലും (785) കുറവ് പത്തനംതിട്ട ജില്ലയിലുമാണ് (5).
ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിമാരും സിറ്റി പൊലീസ് കമീഷണർമാരും ചേർന്ന് കണ്ടെത്തുന്ന പ്രശ്നബാധിത ബൂത്തുകളിലും കമീഷൻ വിഡിയോഗ്രഫി നടത്തും. വെബ്കാസ്റ്റിങ് നടത്താത്ത ബൂത്തുകളിലാണ് ഇത് ചെയ്യുക.
വിഡിയോ റെക്കോഡ് ചെയ്യുമ്പോൾ വോട്ട് രേഖപ്പെടുത്തുന്നതും സമ്മതിദാനാവകാശത്തിെന്റെ സ്വകാര്യത ഭംഗിക്കുന്നതുമായ ദൃശ്യങ്ങൾ പാടില്ല. തിരുവനന്തപുരം -180, കൊല്ലം -35, പത്തനംതിട്ട – 5, ആലപ്പുഴ – 40, കോട്ടയം -30, ഇടുക്കി -12, എറണാകുളം – 55, തൃശൂർ -54, പാലക്കാട് -182, മലപ്പുറം -100, കോഴിക്കോട് -120, വയനാട് -152, കണ്ണൂർ – 785, കാസർേകാട് -100 എന്നിങ്ങനെയാണ് വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയ ബൂത്തുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.
കമീഷൻ വെബ്കാസ്റ്റിങ് വിഡിയോഗ്രഫിയോ ഏർപ്പെടുത്താത്ത ബൂത്തുകളിൽ സ്ഥാനാർഥികൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ സ്വന്തം ചെലവിൽ വിഡിയോഗ്രഫി നടത്താൻ അനുമതി തേടാം.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് വിഡിയോഗ്രാഫർമാരെ നിയോഗിക്കുക. വിഡിയോഗ്രഫി ഏർപ്പെടുത്തുന്നതിനുള്ള തുക കലക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ കലക്ടറുടെയും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലോ അടയ്ക്കണം. ഇതിനായുള്ള ചെലവ് പ്രചാരണ ചെലവായി പരിഗണിക്കില്ല. വിഡിയോ റെക്കോഡിങ്ങിന്റെ പകർപ്പ് വിഡിയോഗ്രാഫർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും നൽകില്ലെന്ന് ഉറപ്പാക്കും.