എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത് യാത്രാസൗകര്യങ്ങളില്ലാതെ നാട്ടുകാര്‍ ദുരിതത്തില്‍.

തുറവൂര്‍: എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത് യാത്രാസൗകര്യങ്ങളില്ലാതെ നാട്ടുകാര്‍ ദുരിതത്തില്‍.

കുത്തിയതോട്ടിലാണ് കോടംതുരുത്ത് പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകള്‍, പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി, വിവിധ ബാങ്കുകള്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. ഇരുമ്ബും തടിയുമുപയോഗിച്ച്‌ പണിത പാലത്തില്‍ കയറുന്നവര്‍ ഏതുനിമിഷവും വെള്ളത്തില്‍ വീഴാം. ഇരുമ്ബ് തുരുമ്ബെടുക്കുകയും തടി ദ്രവിച്ചില്ലാതാകുകയും ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

നിലവില്‍ കരുമാഞ്ചേരി വരെ നടന്നെത്തി ബസുകയറി ദേശീയപാതയില്‍ എരമല്ലൂരിലും തുറവൂരിലുമെത്തി അവിടെ നിന്ന് വീണ്ടും ബസു കയറി വേണം കുത്തിയതോട്ടിലെത്താൻ. യാത്രക്ക് മണിക്കൂറുകള്‍ വേണ്ടിവരുന്നുണ്ടെന്നാണ് നീണ്ടകരക്കാര്‍ പറയുന്നത്.

പാലങ്ങള്‍ യാഥാര്‍ഥ്യമായാല്‍ വാഹനത്തില്‍ ഓട്ടോയിലും ഇരുചക്രവാഹനത്തിലും കരുമാഞ്ചേരിയിലെത്തി ഇടറോഡിലൂടെ ചമ്മനാട് ദേശീയ പാതയിലെത്തി വളരെ വേഗം കുത്തിയതോട്ടിലെത്താം. സ്വന്തം വാഹനമുള്ളവര്‍ നീണ്ടകര -പാറായിക്കവല റോഡിലൂടെ എരമല്ലൂരിലെത്തി അവിടെനിന്ന് കുത്തിയതോട്ടിലേക്ക് പോകുന്നുണ്ട്. ഏകദേശം ആറു കിലോമീറ്റര്‍ ഇതിനായി ചുറ്റി സഞ്ചരിക്കണം.

ഹരിയാലി പദ്ധതിയിലുള്‍പ്പെടുത്തി പണിത നടപ്പാത കാടുകയറിയതിനാല്‍ കല്‍ക്കെട്ടിലൂടെയാണ് നടക്കുന്നത്. പടിഞ്ഞാറും കിഴക്കുമായി ഒഴുകുന്ന കരേത്തോടുകള്‍ക്കു കുറുകെയുള്ള പാലങ്ങളും ജീര്‍ണാവസ്ഥയിലാണ്. സ്കൂള്‍ കുട്ടികളുള്‍പ്പടെ ജീവൻ പണയപ്പെടുത്തിയാണ് കടന്നു പോകുന്നത്. സാഹസം നിറഞ്ഞ യാത്രകള്‍ക്കൊടുവില്‍ വേണം കരുമാഞ്ചേരിയിലെത്താൻ. അവിടെയാണ് ബസ് സ്റ്റോപ്പ്. വര്‍ഷങ്ങളായി ഈ ദുരിതയാത്ര തുടരുകയാണ്. നീണ്ടകയിലേക്കുള്ള യാത്രയ്ക്ക് തോടുകള്‍ക്ക് കുറുകെ രണ്ടു പാലങ്ങള്‍ പണിയാൻ എം.എല്‍.എ.ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിച്ചിട്ടുണ്ട്. ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പാലങ്ങള്‍ യാഥാര്‍ഥ്യമാകാൻ എത്രനാള്‍ വേണ്ടിവരുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.