മരം വീണ് വീട് തകര്‍ന്നു; കുടുംബത്തിലെ 20 പേരുടെ താമസം സ്കൂളില്‍

പുല്‍പള്ളി: വീടുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് ചേകാടിക്കടുത്ത് ചേന്ദ്രാത്ത് കോളനിയിലെ രണ്ട് കുടുംബങ്ങള്‍ക്ക് വീടില്ല.

ബസവൻ, ബസായി, കാളൻ എന്നിവരുടെ വീടാണ് തകര്‍ന്നത്. ഈ കുടുംബങ്ങളില്‍പെട്ട 20 ആളുകള്‍ താമസിക്കുന്നത് ആള്‍ട്ടര്‍നേറ്റീവ് സ്കൂളിലാണ്. ഇവരുടെ വീട് നന്നാക്കി നല്‍കുമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും നടപ്പായില്ല.

വനാതിര്‍ത്തിയോടു ചേര്‍ന്നാണ് ചേന്ദ്രാത്ത് കോളനി. കോളനിയോടു ചേര്‍ന്ന് അപകടകരമായി നിന്നിരുന്ന മരം മുറിച്ചു നീക്കണമെന്ന് പലതവണ വനപാലകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വനപാലകര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തില്ല. ഇതിനിടെ നാലു മാസം മുമ്ബാണ് മരം വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചത്. മേല്‍ക്കൂരയും ഭിത്തിയുമെല്ലാം തകര്‍ന്നു. ഇതേത്തുടര്‍ന്ന് ഇവരെ താല്‍ക്കാലികമായി ചേന്ദ്രാത്ത് ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ് ഇപ്പോള്‍ ഈ കുടുംബങ്ങള്‍ കഴിയുന്നത്. തങ്ങളുടെ വീട് നന്നാക്കിത്തരണമെന്ന ആവശ്യം അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്നാണ് ഇവരുടെ പരാതി.