ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കാൻ നിര്‍ബന്ധിക്കാറുണ്ടോ? ഈ പ്രശ്നങ്ങള്‍ പിന്നാലെ വരാം
ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കുന്നവരാക്കി മാറ്റാൻ നമ്മള്‍ കാണിക്കുന്ന വ്യഗ്രത ഇത്തരം കുട്ടികളുടെ സംസാരവൈകല്യത്തിന് കാരണമാകും എന്ന് എത്ര പേര്‍ക്കറിയാം?
കാലങ്ങള്‍ക്കുമുമ്പേ ആധിപത്യം പുലര്‍ത്തുന്നവരാണ് വലംകൈയ്യൻ ആളുകള്‍. വലതുകൈ ഉപയോഗിക്കുന്നവര്‍, ഇടതുകൈ ഉപയോഗിക്കുന്നവര്‍ ഇരുകൈകളും ഒരുപോലെ ഉപയോഗിക്കുന്നവര്‍ ഇങ്ങനെ മൂന്നായി ഹാൻഡഡ്നെസ്സ് അഥവാ കൈമുൻഗണനയെ തരംതിരിക്കാം. ഗര്‍ഭസ്ഥശിശുക്കള്‍ 9 മുതല്‍ 10 ആഴ്ച പ്രായമാകുമ്ബോഴേക്കും കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങുന്നു. ഗര്‍ഭകാലത്തിലെ ആദ്യമൂന്നുമാസത്തിനു ശേഷം തന്നെ കുഞ്ഞുങ്ങള്‍ ഏതെങ്കിലും ഒരു കയ്യുടെ തള്ളവിരല്‍ കുടിക്കാൻ തുടങ്ങും. ഇതിലൂടെ കുഞ്ഞിന്റെ കയ്യ് ആധിപത്യത്തെ കുറിച്ച് ജനിക്കുന്നതിനുമുന്നെ തിരിച്ചറിയാൻ സാധിക്കും. ഒരു കുട്ടി ജനിച്ച് ആദ്യത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കൈ മുൻഗണന സ്ഥാപിക്കപ്പെടും, എന്നാല്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് ഉപയോഗിച്ചുള്ള ഗര്‍ഭകാല നിരീക്ഷണങ്ങള്‍ ഈ സ്വഭാവത്തിന്റെ നേരത്തെയുള്ള തുടക്കത്തെ സൂചിപ്പിക്കുന്നു എന്ന് ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പല്ലുതേക്കുക, പന്തെറിയുക, എഴുതുക,
ഭക്ഷണം കഴിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കായി ഒരു കൈ മറ്റേ കൈയ്യിനെക്കാളും കൂടുതല്‍ വിദഗ്ധവും സാകര്യപ്രദവുമായി ഉപയോഗിക്കുന്ന പ്രവണതയാണ് ഹാൻഡഡ്നെസ്സ് അഥവാ ഹാൻഡ് പ്രിഫെറെൻസ് എന്ന് പറയുന്നത്. ഏകദേശം 90% ആളുകള്‍ക്കും സങ്കീര്‍ണ്ണമായ സ്വമേധയാലുള്ള ജോലികള്‍ക്കായി വലതു കൈ ഉപയോഗിക്കുന്നതിന് മുൻഗണനയുണ്ട്. ഏകദേശം 10% വരുന്ന ഒരു ന്യൂനപക്ഷം ഇടത് കൈ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു, ഏകദേശം 1% വരുന്ന ഒരു ചെറിയ ഗ്രൂപ്പിന് വ്യക്തമായ മുൻഗണനയില്ല, അവരെ ‘ambidextrous’ എന്ന് വിളിക്കപ്പെടുന്നു. ഒരു കുട്ടി, പ്രത്യേകിച്ച് ഭക്ഷണം കഴിക്കാനും എഴുതാനും ഇടതുകൈ ഉപയോഗിക്കുന്നത് കാണുമ്ബോള്‍, നമ്മുടെ സമൂഹം പ്രതികരിക്കുകയും ഉടനെ തന്നെ അതു മാറ്റി വലതു കൈ ഉപയോഗിക്കാൻ നിര്‍ബന്ധിക്കുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ ചെയ്യുമ്ബോള്‍ ആ കുട്ടിക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും ആ കുട്ടിയില്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും എന്താണെന്ന് അറിയുമോ?
നിങ്ങള്‍ ബലമായി കൈമാറ്റിക്കുമ്ബോള്‍ എന്ത് സംഭവിക്കും? നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളെ തലച്ചോറിന്റെ ഓരോ ഭാഗങ്ങളാണ് നിയന്ത്രിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന പ്രവണതയാണ് ഭക്ഷണം കഴിക്കാനുംഎഴുതാനും എല്ലാം ഇടത്തെ കൈ ഉപയോഗിക്കുന്ന ഒരുകുട്ടിയെ വലതു കൈ ഉപയോഗിക്കാൻ നിര്‍ബന്ധിക്കുന്നത്. ഇങ്ങനെ ചെയ്യുമ്ബോള്‍ കുട്ടിയുടെ തലച്ചോറിന്റെ ഘടനയില്‍ മാറ്റമൊന്നും വരുന്നില്ല. എന്നാല്‍ തലച്ചോറിന്റെ ആധിപത്യമില്ലാത്ത പകുതിയില്‍ അമിതഭാരവും മറ്റേ പകുതിയില്‍ കുറവും സംഭവിക്കുന്നു, ഇത് പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. കൈ മുൻഗണന മാറ്റുന്നതിന്റെ പ്രധാന പ്രശ്നങ്ങള്‍ ഇനിപ്പറയുന്നവയാണ്:
സംസാരത്തിലെ അസ്വസ്ഥതകള്‍ (വിക്ക്), ഏകാഗ്രത കുറവ്, ഓര്‍മക്കുറവ്, ഡിസ്ലെക്സിയ, സ്പേഷ്യല്‍ ഡിസോറിയന്റേഷൻ, കൈയക്ഷരത്തില്‍ പ്രകടമാകുന്ന തകരാറുകള്‍. അപകര്‍ഷതാബോധം, അരക്ഷിതാവസ്ഥ(ഇൻസെക്യൂരിറ്റി), അന്തര്‍മുഖത്വം, കിടക്കയില്‍ മൂത്രമൊഴിക്കുക, നഖം കടിക്കുക തുടങ്ങിയ പെരുമാറ്റ വൈകല്യങ്ങളും വ്യക്തിത്വ പ്രശ്നങ്ങളും കുട്ടികളില്‍ കാണാറുണ്ട്. കുഞ്ഞിന്റെ കൈ നിര്‍ബന്ധിച്ചു മാറ്റുമ്ബോള്‍ സംസാരഭാഷാവളര്‍ച്ചയെ ബാധിക്കുന്നു. കുഞ്ഞ് ഉപയോഗിക്കുന്ന ഇടത്തേ കൈ നിര്‍ബന്ധിച്ചു വലത്തെ കയ്യിലേക്ക് മാറ്റുമ്ബോള്‍ കുഞ്ഞിന്റെ സംസാരത്തില്‍ പല ബുദ്ധിമുട്ടുകള്‍ കാണിക്കുന്നു. ഒരു കുഞ്ഞു വളര്‍ന്ന് ഒരു വയസ്സാകുമ്ബോഴേക്കും ആദ്യത്തെ വാക്ക് പറഞ്ഞു തുടങ്ങും. രണ്ടു വയസ്സാകുമ്ബോഴേക്കും വാക്കുകള്‍ യോജിപ്പിച്ചു തുടങ്ങും. മൂന്നുവയസ്സാകുമ്ബോഴേക്കും മുതിര്‍ന്നവരെ പോലെ വലിയ വാക്യങ്ങള്‍ ഉപയോഗിച്ച് സംസാരിക്കാൻ തുടങ്ങും. മുൻപ് പറഞ്ഞ പോലെ ഒരു കുട്ടി ജനിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ കൈ മുൻഗണന തീരുമാനമാകും. എന്നാല്‍ മൂന്നു വയസ്സ് വരെ ഇതില്‍ വത്യാസമുണ്ടാകാം ഈ പ്രായത്തില്‍ അവരെ നിര്‍ബന്ധിച്ചു അവരുടെ കൈ മുൻഗണനയില്‍ വത്യാസം വരുത്തിയാല്‍ അത് അവരുടെ സംസാരഭാഷാവളര്‍ച്ചയെ ബാധിക്കും.
കുട്ടികളില്‍ കാണുന്ന ഒരു സാധാരണ സംസാര പ്രശ്നമാണ് വിക്ക്. നിര്‍ബന്ധിച്ചു കൈ മാറ്റിയ കുട്ടികളില്‍ വളരെ കൂടുതലായി വിക്കു കാണപ്പെടുന്നു. ഇത് കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ നിന്നും പിൻതിരിക്കുന്നു. വിക്കുള്ളവരില്‍ കൈമുൻഗണന മാറ്റാത്തവരെക്കാള്‍ കൈമുൻഗണന മാറ്റിയവരാണു കൂടുതല്‍. നിര്‍ബന്ധിത കൈ മാറ്റം സംഭവിക്കുന്നത് വീടുകളില്‍, അങ്കണവാടികളില്‍ അല്ലെങ്കില്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാകാം.
ലോകജനസംഖ്യയുടെ ഏകദേശം 10 ശതമാനം ഇടംകൈയ്യൻമാരാണ്- അവരില്‍ പ്രശസ്തരായ ധാരാളം ആളുകളുണ്ട്. ഇതില്‍ ലോകനേതാക്കള്‍ , കലാകാരന്മാര്‍ , അഭിനേതാക്കള്‍, ശാസ്ത്രജ്ഞര്‍, കായികതാരങ്ങള്‍, എഴുത്തുകാര്‍, സംരംഭകര്‍ എന്നിവരും ഉള്‍പ്പെടുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, പ്രധാന മന്ത്രി നരേന്ദ്ര മോദി , മദര്‍ തെരേസ, അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, മാര്‍ക്ക് സക്കര്‍ബര്‍ഗ്, അമിതാഭ്ബച്ചൻ, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുല്‍ക്കര്‍, എന്നിവരെല്ലാം ഇടത്തെ കൈ മുൻഗണന ഉള്ളവരാണ്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍ മാത്രമാണ് ഇടംകൈയര്‍ സാമൂഹികമായി സ്വീകാര്യമായത്. അതിനുമുമ്ബ് മാതാപിതാക്കളും അധ്യാപകരും കുട്ടികളെ വലതുകൈ ഉപയോഗിക്കാൻ നിര്‍ബന്ധിച്ചിരുന്നു. അവര്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലായിരുന്നു. അന്ന്, നമ്മുടെ സമൂഹത്തില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും വലതുകൈ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ന് ഇടതുകൈ ഉപയോഗിക്കുന്നവരെ മനസ്സില്‍ വച്ച് അടുക്കള ഓഫീസ് മറ്റ് ഇടങ്ങള്‍ ഇവിടെയൊക്കെ ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നങ്ങള്‍ രൂപകല്പന ചെയ്യുന്നത് വര്‍ദ്ധിച്ചുവരുന്നു.
ഏതൊരു കാര്യം ചെയ്യുമ്ബോഴും വലതു കൈകൊണ്ട് ചെയ്യണമെന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതി വരുന്ന ഒരു മിഥ്യയാണ്. സമൂഹം ഇടംകൈയ്യൻമാരെ ഇടംകൈയ്യൻമാരായി അംഗീകരിക്കണം. അവരെ നിര്‍ബന്ധിതമായി വലം കൈയിലേക്കു മാറ്റം ചെയേണ്ടതില്ല കാലക്രമേണ അവര്‍ സ്വമേധയ ഇടം കയ്യില്‍ നിന്നും വലം കയ്യിലേക്ക് മാറ്റം വരുത്തുകയോ
ഇടം കൈ തന്നെ ഉപയോഗിക്കുകയോ ചെയ്യാം. കുട്ടിയുടെ ആരോഗ്യപരവും മാനസികവുമായ വളര്‍ച്ചക്ക് അവരുടെ ജന്മസിദ്ധമായ ഹാൻഡഡ്നെസ്സ് അഥവാ കൈ മുൻഗണന മാറ്റാതിരിക്കുന്നതാണ് ഉത്തമം.
ഇനിയുള്ള ഇടംകൈയ്യന്മാരെ ഇടംകൈയ്യന്മാരായി അവരുടെ ജിവിതത്തിന്റെ മേഖലയില്‍ വ്യാപരിക്കാൻ നമ്മുക്ക് അവരെ സ്വതന്ത്രരാക്കാം, വളരെ സ്വാഭാവികമായി ഇടംകൈയ്യന്മാരും വലംകൈയ്യന്മാരും രണ്ടു കൈ ഉപയോഗിക്കുന്നവരും സമൂഹത്തിന്റെ ഭാഗമാകട്ടെ നമ്മുടെ ഇടപെടല്‍ അത്തരം കുട്ടികളുടെ ഭാവി ജീവിതത്തെ ബാധിക്കുന്നു എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.