ഡല്‍ഹി വീണ്ടും മലയാളം പറയുന്നു

28 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് മലയാളത്തെളിമ കടന്നുവന്നിരിക്കുന്നു

സ്വന്തം നാടിനെയും ഭാഷയെയും മറവിയിലേക്ക് പുറന്തള്ളി മറ്റു ഭാഷകളെ നെഞ്ചേറ്റുന്നതില്‍ അഭിമാനിക്കുന്ന ഒരു ജനതയാണ് നമ്മുടേതെന്ന് പലരും പറയാറുണ്ട്.

പക്ഷേ, മലയാളത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞ് ആ ഭാഷയെ വീണ്ടും നെഞ്ചേറ്റിയിരിക്കുകയാണ് ഡല്‍ഹി സര്‍വകലാശാല. 28 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് മലയാളത്തെളിമ കടന്നുവന്നിരിക്കുന്നു. സാഹിത്യവും സംസ്കാരവും കലയുമൊക്കെയായി തെളിമലയാളം പഠിക്കാൻ മലയാളികള്‍ക്ക് പുറമെ നിരവധി വിദ്യാര്‍ഥികളാണ് സര്‍വകലാശാലയിലേക്ക് എത്തുന്നത്.

വീണ്ടും ഉണര്‍വിലേക്ക്

1994ല്‍ ഡോ. അകവൂര്‍ നാരായണൻ വിരമിച്ചതിനു ശേഷം അധ്യാപക നിയമനം നടക്കാത്തതുമൂലം ഡല്‍ഹി സര്‍വകലാശാലയിലെ മലയാളം ഡിപ്പാര്‍ട്മെന്റിന്റെ പ്രവര്‍ത്തങ്ങള്‍ നിലക്കുകയായിരുന്നു. ഓരോ അഞ്ചു വര്‍ഷം കൂടുമ്ബോഴും അപേക്ഷ ക്ഷണിക്കാറുണ്ടെങ്കിലും നിയമനങ്ങള്‍ നടക്കാറില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2021ല്‍ അപേക്ഷ ക്ഷണിച്ചതിന്റെ ഭാഗമായാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം നിയമനം നടന്നത്. കണ്ണൂര്‍ സ്വദേശി ഡോ. ശിവപ്രസാദാണ് മലയാളം വിഭാഗത്തിന്റെ പുതിയ മേധാവി.

1961ല്‍ പ്രവര്‍ത്തനമാരംഭിച്ച മോഡേണ്‍

ഇന്ത്യൻ ലാംഗ്വേജസ് ആൻഡ് ലിറ്റററി സ്റ്റഡീസ് എന്ന ഡിപ്പാര്‍ട്മെന്റിന്റെ കീഴില്‍ മലയാളം ഉള്‍പ്പെടെ 11ലധികം പ്രാദേശിക ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്. ഈ അടുത്ത് ആരംഭിച്ച എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സിന്റെ ഭാഗമായി ബിരുദവിദ്യാര്‍ഥികള്‍ പ്രാദേശിക ഭാഷ പഠിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലെ മുഴുവൻ കുട്ടികള്‍ക്കും ഏതെങ്കിലും ഭാഷ തിരഞ്ഞെടുത്ത് പഠിക്കാം. അധ്യാപകരില്ലാത്തതിനാല്‍ ഇതുവരെ മലയാളം പഠിക്കാനുള്ള അവസരമില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ മലയാളം വിഭാഗം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമ്ബോള്‍ 150ഓളം കുട്ടികള്‍ ആദ്യ സെമസ്റ്ററിനും നൂറിലധികം കുട്ടികള്‍ രണ്ടാം സെമസ്റ്ററിലുമായി പ്രവേശനം നേടിയതിന്റെ സന്തോഷത്തിലാണ് ഡോ. ശിവപ്രസാദ്.

മലയാളം പഠിക്കാൻ ഇതരസംസ്ഥാനക്കാരും

മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളാണ് സര്‍വകലാശാലയിലേക്ക് എത്തുന്നത്. നോര്‍ത്ത് കാമ്ബസില്‍ ഓഫ്‌ലൈനായും മറ്റു കാമ്ബസുകളില്‍ ഓണ്‍ലൈനായുമാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതില്‍തന്നെ ബേസിക് ആൻഡ് അഡ്വാൻസ്ഡ് കോഴ്സുകളുണ്ട്. മലയാളം ഇതുവരെ പഠിക്കാത്ത, പ്രത്യേകിച്ചും ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ളതാണ് ബേസിക് കോഴ്സുകള്‍.

വീണ്ടും മലയാളം ഡിപ്പാര്‍ട്മെന്റ് സജീവമാകുമ്ബോള്‍ ഏറ്റവും ആകര്‍ഷകമാകുന്നതും ഇതുതന്നെയാണ്. മിസോറം, ബിഹാര്‍, നാഗാലാ‌ൻഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ മലയാളം പഠിക്കാനുള്ള താല്‍പര്യത്തോടെ പ്രവേശനം നേടിയിട്ടുണ്ട്.

അവഗണനയില്‍നിന്ന് ഉയര്‍ച്ചയിലേക്ക്

കന്നടയും മറാത്തിയുമുള്‍പ്പെടെയുള്ള ഭാഷാപഠനം മുടങ്ങിക്കിടന്നിരുന്നെങ്കിലും മലയാളത്തിനുണ്ടായ പോലൊരു ഇടവേള മറ്റൊരു വകുപ്പിനും ഉണ്ടായിട്ടില്ല. വകുപ്പ് പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല. 28 വര്‍ഷം മലയാള ഭാഷ തഴയപ്പെട്ടതില്‍ സര്‍വകലാശാല അധികൃതര്‍ മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വരെ ഉത്തരവാദികളാണെന്ന ആക്ഷേപം ശക്തമായിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന പ്രാദേശിക ഭാഷകളുടെ ഉന്നമനം എന്ന ആശയത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ മലയാളമടക്കമുള്ള ഭാഷ ഡിപ്പാര്‍ട്മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. മലയാളികള്‍ക്കുപോലും മലയാളം എഴുതാനും വായിക്കാനും പറ്റാത്ത സ്ഥിതി ഡല്‍ഹിയിലുണ്ട്. അങ്ങനെയുള്ളവര്‍ക്ക് മലയാളം പഠിക്കാനുള്ള ഒരു അവസരംകൂടിയാണ് ഇതോടെ സാധ്യമാകുന്നത്.

പ്രതീക്ഷകള്‍ നിരവധി

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളം, സര്‍വകലാശാലയിലേക്ക് തിരിച്ചെത്തിയത്തിന്റെ സന്തോഷത്തിലാണ് ഡോ. ശിവപ്രസാദും വിദ്യാര്‍ഥികളും. നിലവില്‍ മോഡേണ്‍ ഇന്ത്യൻ ലാംഗ്വേജസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളത്തിന് പി.ജി കോഴ്സുകള്‍കൂടി അനുവദിക്കുകയാണെങ്കില്‍ സ്വതന്ത്രമായി സെമിനാറുകളും കോണ്‍ഫറൻസുകളും സംഘടിപ്പിക്കാമെന്ന് ഡോ. ശിവപ്രസാദ് പറയുന്നു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് മാത്രം വെച്ചുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ സാധിക്കില്ല. പി.ജി കോഴ്സുകള്‍ തുടങ്ങുകയാണെങ്കില്‍ കൂടുതല്‍ അധ്യാപകരും വിദ്യാര്‍ഥികളുമായി മലയാളത്തെ സജീവമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.