വിമാനത്താവളത്തില്‍ വനിത കൗണ്‍സിലര്‍മാരടക്കം ആറുപേരെ സ്വര്‍ണവുമായി തടഞ്ഞു

കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങിയ മൂന്ന് നഗരസഭ കൗണ്‍സിലര്‍മാരുള്‍പ്പെടെ ആറ് സ്ത്രീകളെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണവുമായി തടഞ്ഞുവച്ചു.

സംഭവം വിവാദമായതോടെ ഇവരില്‍നിന്നും വിശദീകരണം ചോദിക്കാൻ മുസ്‍ലിം ലീഗ് തീരുമാനം. കാഞ്ഞങ്ങാട്ടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നടന്ന പരിപാടിയില്‍ സംബന്ധിക്കാൻ ഒരാഴ്ച മുമ്ബാണ് വനിത ലീഗ് നേതാവടക്കമുള്ള കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരും മുൻ വനിതാ കൗണ്‍സിലര്‍മാരടക്കം പോയത്.

ഇവരെ കൂടാതെ കാഞ്ഞങ്ങാട്ടെ ഏതാനും മുസ്‍ലിം ലീഗ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കാൻ പോയിരുന്നു. ഇവരില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വനിത ലീഗ് കൗണ്‍സിലര്‍മാരും മുസ്‍ലിംലീഗിന്റെ തന്നെ മൂന്ന് മുൻ വനിത കൗണ്‍സിലര്‍മാരുമാണ് തിരിച്ചുവരുന്നതിനിടെ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായത്.

നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം ധരിച്ചെത്തിയ ഇവരെ കസ്റ്റംസ് വിഭാഗം തടഞ്ഞു വെക്കുകയായിരുന്നു. സ്വര്‍ണം വില കൊടുത്തു വാങ്ങിയതിന്റെ രേഖകളുംഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ആറ് സ്ത്രീകളും ഒരേ തരത്തിലുള്ള വളകള്‍ ധരിച്ചതാണ് ഇവരെ സംശയനിഴലിലാക്കിയത്.

ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടിയും ലഭിച്ചില്ല. മണിക്കൂറുകളോളം ഇവരെ തടഞ്ഞുവെച്ചശേഷം രാത്രി ഏറെ വൈകി വിട്ടയച്ചുവെങ്കിലും ആഭരണങ്ങള്‍ വിട്ടു നല്‍കിയിട്ടില്ല. നികുതി അടച്ചശേഷം ആഭരണം വിട്ടു നല്‍കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചത്.

മുസ്‍ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് പോഷക സംഘടന ഗള്‍ഫില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാൻ സ്ത്രീകള്‍ പോയത്. വനിത ലീഗ് നേതാവും കൗണ്‍സിലര്‍മാരും മുൻ കൗണ്‍സിലര്‍മാരും സ്വര്‍ണാഭരണവുമായി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് സോഷ്യല്‍ മീഡിയയില്‍ വൻ ചര്‍ച്ചയും വിവാദത്തിനും തിരികൊളുത്തിയതോടെ ഇവരില്‍നിന്നും വിശദീകരണം തേടാൻ ലീഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ആറുപേരില്‍നിന്ന് വിശദീകരണം ചോദിക്കുമെന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ. ജാഫര്‍ പറഞ്ഞു. ഇവരോട് വിശദീകരണം ചോദിക്കുന്നതിനായി ഇന്ന് മുൻസിപ്പല്‍ മുസ്‍ലിം ലീഗ് കമ്മിറ്റി അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഓരോ സ്ത്രീകളും നാലരപ്പവൻ വീതം വരുന്ന സ്വര്‍ണവളകള്‍ ആണ് ധരിച്ചതെന്നും കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞത് .