“വിഷാംശം ഉള്ളവര്‍ വിഷം ചീറ്റികൊണ്ടിരിക്കും”; കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കളമശ്ശേരിയില്‍ നടന്ന സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അന്വേഷണത്തിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തിങ്കളാഴ്ച രാവിലെ 10 ന് സര്‍വകക്ഷിയോഗം ചേരും.
എന്നാല്‍, പൊതുവില്‍ ആരോഗ്യകരമായാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിഷയം കൈകാര്യം ചെയ്തതെങ്കിലും ചിലര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഫലസ്തീനിലെ ഹമാസ് ഉള്‍പ്പെടെയുള്ളവരെയും ബന്ധപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളില്‍ ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഉള്ളില്‍ വിഷാംശം ഉള്ളവര്‍ വിഷം ചീറ്റികൊണ്ടിരിക്കുമെന്നും കുറ്റവാളി ആരായാലും രക്ഷപ്പെടരുത് എന്ന പൊതുവികാരത്തിലാണ് കേരളം നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തിന് പ്രത്യേക മാനം നല്‍കാനുള്ള ശ്രമമാണ് കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ശ്രമിച്ചത്. ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
അതേസമയം, കളമശ്ശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ബോംബ് സ്ഫോടനത്തില്‍ രാവിലെ ഒരു സ്ത്രീ മരിച്ചിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ച വയോധികയെ തിരിച്ചറിഞ്ഞിട്ടില്ല. ആകെ 52 പേര്‍ക്ക് പരിക്കേറ്റു. 12 വയസ്സുകാരി ഉള്‍പ്പെടെ അഞ്ച് പേരുടെ സ്ഥിതി ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ കുട്ടി വെൻറിലേറ്ററിലാണ്.
17 പേര് ഐ.സി.യുവിലാണ്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജിന് പുറമെ ആലുവ രാജഗിരി, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി, കാക്കനാട് സണ്‍റൈസ് ആശുപത്രികളിലാണുള്ളത്.
ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെൻഷനാണ് കളമശ്ശേരി മെഡിക്കല്‍ കോളജിനടുത്ത സംറ കണ്വെൻഷൻ സെന്ററില്‍ നടന്നത്.