ഫലസ്തീന്റെ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത ഹോം മത്സരങ്ങള്‍ക്ക് കുവൈത്ത് വേദിയാവും

കുവൈത്ത് സിറ്റി: 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ആസ്‌ട്രേലിയക്കെതിരായ ഫലസ്തീൻ ദേശീയ ടീമിന്റെ മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും.
മത്സരം നടത്തുന്നതിന് ഏഷ്യൻ ഫുട്‌ബാള്‍ കോണ്‍ഫെഡറേഷനില്‍നിന്ന് അനുമതി ലഭിച്ചതായി കുവൈത്ത് ഫുട്‌ബാള്‍ അസോസിയേഷൻ (കെ.എഫ്‌.എ) അറിയിച്ചു. കുവൈത്ത് മത്സരത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബാള്‍ കോണ്‍ഫെഡറേഷൻ (എ.എഫ്.‌സി) ജനറല്‍ സെക്രട്ടറി ഡാറ്റ് സെരി വിൻഡ്‌സര്‍ ജോണും വ്യക്തമാക്കി. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങള്‍ കാരണം ഹോം മത്സരങ്ങള്‍ സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കുവൈത്ത് വേദിയാകുന്നത്.
കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മത്സരം സംഘടിപ്പിക്കാൻ കുവൈത്ത് അഭ്യര്‍ഥന സമര്‍പ്പിച്ചിരുന്നതായി കെ.എഫ്‌.എ വ്യക്തമാക്കി. നവംബര്‍ 21ന് കുവൈത്ത് ജാബിര്‍ അല്‍ അഹ്മദ് രാജ്യാന്തര സ്റ്റേഡിയത്തിലാകും മത്സരം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാ മത്സരങ്ങളുടെയും
പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഫലസ്തീൻ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആൻഡ് സ്‌പോര്‍ട്‌സിന്റെ തലവൻ ജിബ്രീല്‍ റജൗബ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മത്സരം നടത്താൻ ക്വാലാലംപുരിലെ കെ.എല്‍.എഫ്.എ സ്റ്റേഡിയം വേദിയാകുമെന്ന് ഉപ കായികമന്ത്രി ആദം അദ്‌ലി വാഗ്ദാനം ചെയ്തിരുന്നു.
ഫലസ്തീൻ ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാൻ അല്‍ജീരിയയും സന്നദ്ധത അറിയിച്ചിരുന്നു. ഇത് തള്ളിയാണ് എ.എഫ്.‌സി കുവൈത്തിന് അവസരം നല്‍കിയത്. 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളില്‍ ആസ്‌ട്രേലിയ, ലബനാൻ, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ് ‘ഐ’യിലാണ് ഫലസ്തീൻ. നവംബര്‍ 16ന് ലബനാനെതിരെയാണ് ഫലസ്തീന്റെ ആദ്യ മത്സരം. ഷാര്‍ജ സ്റ്റേഡിയമാണ് വേദിയാകുക. 21ന് കുവൈത്തിലും ഫലസ്തീന്റെ അടുത്ത മത്സരം നടക്കും. ജനുവരിയിലെ മൂന്നുമത്സരങ്ങള്‍ക്ക് ഖത്തറാണ് വേദി. നേരത്തേ മലേഷ്യയില്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര സൗഹൃദ ടൂര്‍ണമെന്റായ മെര്‍ദേക്ക കപ്പില്‍നിന്ന് ഫലസ്‌തീൻ ദേശീയ ഫുട്‌ബാള്‍ ടീം പിന്മാറിയിരുന്നു.