തലശ്ശേരി: ദേശീയ ഗെയിംസില്‍ മിന്നും വിജയത്തിലൂടെ തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്. 37ാമത് ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്കില്‍ കേരളത്തിന് വേണ്ടി ആദ്യസ്വര്‍ണം നേടിയത് കതിരൂര്‍ മൂന്നാംമൈല്‍ സ്വദേശിയായ കെ.പി.സ്വാതിഷാണ്.
മൂന്നാം മൈലിലെ കുന്നുമ്മല്‍ വീട്ടില്‍ പരേതനായ പി.കെ. സനീഷിന്റെയും ശ്രീഷ്മയുടെയും മകനാണ് 23 കാരനായ സ്വാതിഷ്. തലശ്ശേരി സായി താരമാണ്. 10 വര്‍ഷത്തിലേറെയായി സായിയില്‍ അഭിഷേക് ശര്‍മയുടെ കീഴിലാണ് പരിശീലനം. മൂന്നുമാസം മുമ്ബായിരുന്നു സ്വാതിഷിന് റെയില്‍വേയില്‍ ടി.ടി.ഇ ആയി ജോലി ലഭിച്ചത്. ജോലി ലഭിച്ചതിന് പിന്നാലെയുള്ള വിജയം സ്വാതിഷിന് മാധുര്യമേറിയതായി.
തലശ്ശേരി ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള പഠനം. കുട്ടിക്കാലം മുതല്‍ ജിംനാസ്റ്റിക്കിനോട് താല്‍പര്യമാണ് ദേശീയതലത്തില്‍ നിലവിലെ നേട്ടം കൈവരിക്കാന്‍ പ്രചോദനമായത്. ബിരുദപഠന കാലയളവില്‍ പഞ്ചാബില്‍ നടന്ന ഓള്‍ ഇന്ത്യ യൂനിവേഴ്‌സിറ്റി സീനിയര്‍ മത്സരത്തില്‍ ജിംനാസ്റ്റിക്കില്‍ സ്വര്‍ണം നേടിയായിരുന്നു സ്വാതിഷിന്റെ വിജയതുടക്കം. അടുത്തിടെയാണ് സായിയില്‍ നിന്ന് പരിശീലകനായ അഭിഷേക് ശര്‍മക്ക് കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. തുടര്‍ന്ന് സ്വാതിഷും പരിശീലനത്തിനായി കൊല്‍ക്കത്തയിലേക്ക് മാറി. തന്റെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്വാതിഷ് നന്ദി അറിയിച്ചു. ശ്വേത സഹോദരിയാണ്.