1,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

തിരുവനന്തപുരം : 1,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. മലപ്പുറം വഴിക്കടവ് വില്ലേജ് ഓഫീസര്‍ മുഹമ്മദ് സമീര്‍ ആണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇന്ന് വിജിലൻസ് പിടിയിലായത്.

വഴിക്കടവ് സ്വദേശിയായ പരാതിക്കാരന്റെ പറമ്ബിലെ തേക്കുമരം വെട്ടുന്നതിനുള്ള അനുമതിക്കുവേണ്ടി വനം വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഇക്കഴിഞ്ഞ 26 ന് വഴിക്കടവ് വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരൻ വില്ലേജ് ഓഫീസറെ കണ്ടപ്പോള്‍ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 1,000 രൂപ കൈക്കൂലിയുമായി വരാൻ ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈവിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷഫീക്കിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം വിജിലൻസ് പൊലീസ് ഇൻസ്പെക്ടറായ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി.

ഇന്ന് ഉച്ചയോടെ വഴിക്കടവ് വില്ലേജ് ഓഫീസറുടെ മുറിയില്‍ വച്ച്‌ പരാതിക്കാരനില്‍ നിന്നും 1,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയോടെ പിടികൂടുകയാണുണ്ടായത്.

തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ മേശ പരിശോധിച്ച വിജിലൻസ് സംഘത്തിന് മേശ വിരിക്കടിയില്‍ നിന്നും മറ്റൊരു 1,500 രൂപ കൂടി ചുരുട്ടിയ നിലയില്‍ ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

കൈക്കുലിക്കാരെ കൈക്കൂലി വാങ്ങുമ്ബോള്‍ തന്നെ കൈയ്യോടെ പിടികൂടുന്ന ട്രാപ്പ് കേസ്സുകളില്‍ ഇത് ഈവര്‍ഷത്തെ 50-ാമത്തെ ട്രാപ്പ് കേസാണിത്.