ഏഷ്യൻ ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാള്‍ താരം. ലോകകപ്പിനും വമ്ബുറ്റ ക്ലബ് ഫുട്ബാള്‍ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കും.
ചൊവ്വാഴ്ച രാത്രിയില്‍ ഖത്തര്‍ സമയം എട്ടുമണി (ഇന്ത്യൻ സമയം 10.30ന്) ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്ലെയര്‍ ഓഫ് ദി ഇയര്‍, എ.എഫ്.സി വുമണ്‍സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ എന്നിവര്‍ക്കു പുറമെ, എ.എഫ്.സി ഏഷ്യൻ ഇൻറര്‍നാഷനല്‍ പ്ലെയര്‍, മികച്ച കോച്ച്‌, യുവതാരം, മികച്ച അസോസിയേഷൻ, മികച്ച റഫറി തുടങ്ങിയ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.

പുരുഷ വിഭാഗത്തില്‍ മികച്ച താരങ്ങളുടെ അന്തിമ പട്ടികയില്‍ ആസ്ട്രേലിയയുടെ മെല്‍ബണ്‍ സിറ്റി താരം മാത്യൂ ലെകി, ഖത്തറില്‍ അല്‍ ദുഹൈല്‍ എഫ്.സി താരം അല്‍ മുഈസ് അലി, സൗദിയുടെ അല്‍ ഹിലാല്‍ താരം സാലിം അല്‍ ദൗസരി എന്നിവരാണ് ഇടം പിടിച്ചത്. വനിതകളുടെ പട്ടികയില്‍ ചെല്‍സിക്ക് കളിക്കുന്ന ആസ്ട്രേലിയൻ താരം സാമന്ത കേര്‍, ഗ്വാങ്ചുവിന്റെ ചൈനീസ് താരം ഴാങ് ലിന്യാൻ, ബയേണ്‍ മ്യൂണികിന്റെ ജപ്പാൻ താരം സാകി കുമഗായ് എന്നിവരുമുണ്ട്.