കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് മോശമായി പെരുമാറി; സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍

കുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് മോശമായി പെരുമാറിയ പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍.

സര്‍വകലാശാല എൻജി. കോളജിലെ സെക്ഷൻ ഓഫിസര്‍ അങ്കമാലി സ്വദേശി ഇ.കെ. റെജിയെയാണ് (51) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടുനിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെത്തിയപ്പോള്‍ തിങ്കളാഴ്ച രാവിലെ 9.30ന് ഇയാളെ പിടികൂടിയത്. കടവല്ലൂരില്‍ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് കയറിയ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹോപദ്രവം ഏല്‍പ്പിച്ചു, സ്ത്രീത്വത്തിന് മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ പെരുമാറി തുടങ്ങിയ പരാതികളില്‍ കേസെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.