8 വര്‍ഷമായിട്ടും വാടക നല്‍കിയില്ല; ഉപജില്ല വിദ്യാഭ്യാസ ഓഫിസ് ഒഴിയാൻ കോടതി വിധി
എടപ്പാള്‍: ഉപജില്ല വിദ്യാഭ്യാസ ഓഫിസ് പ്രവര്‍ത്തനം അനിശ്ചിതത്വത്തിലേക്ക്. ക്രസന്റ് പ്ലാസ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എടപ്പാള്‍ ഉപജില്ല വിദ്യാഭ്യാസ കാര്യാലയം ഉടമക്ക് ഒഴിഞ്ഞ് നല്കാൻ കോടതി വിധിച്ചു.
2005 മാര്‍ച്ച് ഏഴിനാണ് കെട്ടിടം സര്‍ക്കാറിന് വാടകക്ക് നല്‍കിയത്. പ്രതിമാസം 4191 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. ഏറ്റുവാങ്ങി 18 വര്‍ഷം കഴിഞ്ഞിട്ടും വാടക നല്‍കാത്തതിനെ തുടര്‍ന്നാണ് മാണൂര്‍ ചന്ത പറമ്ബില്‍ ബാവ ഹാജിയുടെ മകള്‍ സീനത്ത് കെട്ടിടം ഒഴിപ്പിച്ച് കിട്ടണം എന്നാവശ്യപ്പെട്ട് പൊന്നാനി റെൻറ് കണ്ട്രോള് കോടതിയെ സമീപിച്ചത്.
വാടക ലഭിക്കാൻ ഹരജിക്കാരി നിരന്തരം ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളെ സമീച്ചെങ്കിലും രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ വാടക നല്കാതിരുന്നിട്ടുള്ളതാണ്. സ്വന്തം ആവശ്യത്തിനും വാടക നല്‍കാത്തതിനാലും കെട്ടിടം ഒഴിഞ്ഞ് കിട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി ബോധിപ്പിച്ച കേസിലാണ് വിധി. കെട്ടിടം ഒഴിയുന്നതിന് 60 ദിവസത്തെ സാവകാശം കോടതി നല്‍കിയിട്ടുണ്ട്. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. പി.എൻ. സുജീര്‍ ഹാജരായി.