അനധികൃത പാര്‍ക്കിംങിൽ വീര്‍പ്പുമുട്ടി നഗരം

ഒറ്റപ്പാലം: പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷവും കണ്ണിയംപുറത്ത് അനധികൃത പാര്‍ക്കിങ് പൊടിപൊടിക്കുന്നു. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്ക് വഴികൊടുക്കാൻ അരിക് ചേരുന്ന വാഹനങ്ങള്‍ക്കും അനധികൃത പാര്‍ക്കിങ് സൃഷ്ടിക്കുന്ന പെടാപാട് ചില്ലറയല്ല.

രാപകല്‍ തിരക്കൊഴിയാത്ത പാലക്കാട്-കുളപ്പുള്ളി പാതയില്‍ കണ്ണിയംപുറം വള്ളുവനാട് ആശുപത്രി മുതല്‍ സെവൻത് ഡേ ആശുപത്രി വരെയുള്ള പാതയോരങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നീണ്ട നിരയാണ്.

സീബ്രാ ലൈൻ പോലും ഒഴിവാക്കാതെയാണ് വാഹനങ്ങളുടെ പാര്‍ക്കിങ്. വാഹനങ്ങളില്‍ പലതും പാതയിലേക്ക് കയറ്റിയിട്ട നിലയില്‍ മണിക്കൂറുകളോളമാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അനധികൃത പാര്‍ക്കിങ്ങിനെതിരെ നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് 20 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത് സെപ്റ്റംബര്‍ അന്ത്യത്തോടെയാണ്. 10,000 രൂപ പിഴയും ഈടാക്കിയിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസവും അനധികൃത പാര്‍ക്കിങ് അനുസ്യൂതം തുടരുന്നതാണ് കണ്ടത്. കണ്ണിയംപുറം വള്ളുവനാട് ആശുപത്രിയില്‍ എത്തിക്കുന്ന രോഗികളില്‍ ഭൂരിഭാഗത്തിന്‍റെയും വാഹനങ്ങള്‍ക്കും ആശുപത്രി വളപ്പില്‍ ഇടമില്ലാത്ത സാഹചര്യത്തില്‍ പാര്‍ക്കിങ്ങിന് ആശ്രയിക്കുന്നത് പാതയോരമാണ്. മിനി സിവില്‍ സ്റ്റേഷൻ, ഗവ. ആയുര്‍വേദ ആശുപത്രി, സെവൻത് ഡേ ആശുപത്രി തുടങ്ങി ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ ഇതിന് ചുറ്റുവട്ടത്തുണ്ട്.

ഇതിനും പുറമെയാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്‍റെ രജിസ്‌ട്രേഷൻ ഉള്‍പ്പെടെയുള്ള പരിശോധനകള്‍. ഇതിന്‍റെ ഭാഗമായും റോഡരികില്‍ നിര നിരയായാണ് വാഹന പാര്‍ക്കിങ്. പ്രതിമാസ താലൂക്ക് വികസന സമിതി യോഗങ്ങളിലെ സ്ഥിരം പരാതിയാണ് കണ്ണിയംപുറത്തെ അനധികൃത പാര്‍ക്കിങ്