മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നെറ്റില്ലാതെ ഏഴാംമാസത്തിലേക്ക്

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിേരാധനം ഏഴാം മാസത്തിലേക്ക് കടക്കുന്നു. സാമൂഹിക വിരുദ്ധര്‍ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ എന്ന പേരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരോധനം പിൻവലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. എന്നാല്‍, അതിനുപിന്നാലെ ഇന്റര്‍നെറ്റ് നിരോധനം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ നീട്ടുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്.

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വിഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നിരോധനമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചതിനെതിരെ പൊതുജന പ്രതിഷേധം, വിവിധ പ്രാദേശിക ക്ലബ്ബുകളിലും ബ്ലോക്ക് തലങ്ങളിലും യോഗം ചേരല്‍, ജനപ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും ആക്രമിക്കാനുള്ള ശ്രമം എന്നിവ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഡി.ജി.പി ഒക്ടോബര്‍ 30 ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മണിപ്പൂരില്‍ കലാപം തുടങ്ങിയ മേയ് മൂന്നിനാണ് നെറ്റ് നിരോധിച്ചത്. ഇത് നീക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തുടര്‍ന്ന്, 143 ദിവസങ്ങള്‍ക്ക് ശേഷം നിരോധനം നീക്കിയെങ്കിലും രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ഫോട്ടോ പ്രചരിച്ചതോടെ രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 26 ന് വീണ്ടും നിരോധിച്ചു.