‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ​ഗോപി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ​ഗോപിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈവച്ചതിന് പിന്നാലെ നടനെതിരെ വൻ തോതിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകയോട് നടൻ പരസ്യമായി മാപ്പുപറയുകയും ചെയ്തു. സംഭവത്തിൽ സുരേഷ് ​ഗോപിക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കേരളപ്പിറവി ദിനമായ ഇന്ന് ട്രാൻസ്ജെന്റേഴ്സിനൊപ്പം ആയിരുന്നു നടൻ ആഘോഷിച്ചത്. ഇതിനിടയിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ​ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാൻ കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് എത്തിയതായിരുന്നു സുരേഷ് ​ഗോപി. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നടന് മുന്നിൽ മൈക്കുമായി എത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.

ഒക്ടോബർ 28നാണ് സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കാൻ ആസ്പദമായ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ മാധ്യമപ്രവർത്തകയുടെ തോളിൽ‌ സുരേഷ് ​ഗോപി പിടിക്കുക ആയിരുന്നു. ഇത് ഇഷ്ടപ്പെടാത്ത മാധ്യമപ്രവർത്തക ഇദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റിയെങ്കിലും വീണ്ടും ഇതാവർത്തിക്കുക ആയിരുന്നു. പിന്നാലെ വൻ വിമർശനങ്ങളാണ് നടനെതിരെ ഉയർന്നത്. തുടർന്ന് മാധ്യമ പ്രവർത്തകയുടെ പരാതിയിന്മേൽ സുരേഷ് ​ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിന് കേസ് എടുക്കുകയും ചെയ്തു.

അതേസമയം, ​ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 3ന് തിയറ്ററുകളിൽ എത്തും. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ വര്‍മ്മയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം.