മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെ ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.വ്യാഴാഴ്ച രാവിലെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്.
സിവില്‍ ലൈൻ ഏരിയയിലെ മന്ത്രിയുടെ വസതിക്ക് പുറമേ മറ്റ് ഒമ്ബതിടങ്ങളിലും ഇ.ഡി പരിശോധന പുരോഗമിക്കുന്നുണ്ട്. ഏത് കേസിലാണ് മന്ത്രിയുടെ വസതിയില്‍ ഇ.ഡി പരിശോധന നടത്തുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
തലസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട് ആരോപിക്കുന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് വിശദീകരണം നല്‍കാൻ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തും. ചോദ്യം ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥര്‍ വിളിച്ച സാഹചര്യത്തിലാണിത്. കെജ്രിവാളിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നതായി ഡല്‍ഹി മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആപിനെ തകര്‍ക്കാൻ ഇ.ഡിയെ ചട്ടുകമാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കള്ളപ്പണ നിരോധന നിയമം പാടേ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതികള്‍ ഉണരേണ്ട സമയമായെന്ന് ഇതിനിടെ, മുതിര്‍ന്ന അഭിഭാഷകൻ കപില്‍സിബല്‍ എം.പി പറഞ്ഞു. ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളെയും ഇ.ഡി ഉന്നം വെക്കുകയാണ്. ഇ.ഡിയെ ദുരുപയോഗിക്കുന്നതും തുടര്‍ന്ന് നേതാക്കള്‍ക്ക് ജാമ്യം നിഷേധിക്കുന്നതും സര്‍ക്കാറിന്‍റെ കൈയിലെ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കുന്നതിനെതിരെ ഇൻഡ്യ മുന്നണി ഒറ്റ ശബ്ദത്തില്‍ പ്രതികരിക്കണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചപ്പോള്‍ കപില്‍ സിബല്‍ പറഞ്ഞിരുന്നു.