മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടിപ്പങ്കാളിത്തം ഉറപ്പാക്കാൻ ഹരിതസഭ
തൊടുപുഴ: മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കാൻ ശിശുദിനത്തില്‍ ജില്ല ശുചിത്വ മിഷൻ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും.
പുതുതലമുറക്ക് ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, മാലിന്യമുക്ത നവകേരള സൃഷ്ടിക്ക് പുതിയ തലമുറയുടെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള വേദി ഒരുക്കുക, ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, വിദ്യാലയങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈൻ ആലോചന യോഗം ചേര്‍ന്നു. ഹരിതസഭയിലും തുടര്‍പ്രവര്‍ത്തനങ്ങളിലും എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഹരിതസഭയിലേക്ക് തെരഞ്ഞെടുക്കേണ്ടതും ഇവരില്‍ ആണ്‍-പെണ്‍ അനുപാതം തുല്യമായിരിക്കേണ്ടതുമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിന് അനുസരിച്ച് ഹരിതസഭയില്‍ 150 മുതല്‍ 200 വരെ അംഗങ്ങളെ പങ്കെടുപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം, നിലവിലെ അവസ്ഥ, മാലിന്യക്കൂനകള്‍, മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, ജലാശയങ്ങളുടെ മലിനീകരണം, നിരോധിത ഡിസ്‌പോസബിള്‍, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം വില്‍പന തുടങ്ങിയ നിയമ ലംഘനങ്ങള്‍ ഇവ സംബന്ധിച്ചു റിപ്പോര്‍ട്ട് തയാറാക്കും.
കുട്ടികള്‍ കണ്ടെത്തുന്ന പ്രശ്‌നങ്ങളും നിരീക്ഷണങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ വിലയിരുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നുമാണ് നിര്‍ദേശം. കുട്ടികള്‍ തങ്ങളുടെ നിരീക്ഷണത്തിലൂടെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രശ്‌നങ്ങളും അപാകതകളും പരിഹരിക്കാൻ ഓരോ തദ്ദേശ സ്ഥാപനങ്ങളും സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടും ഹരിതസഭയില്‍ അവതരിപ്പിക്കും. ഹരിതസഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കുട്ടികള്‍ റിപ്പോര്‍ട്ടുകള്‍
തദ്ദേശ സ്ഥാപനങ്ങളെ സമയബന്ധിതമായി അറിയിക്കാനും അധ്യാപകരെ നോഡല്‍ ഓഫിസര്‍മാരായി നിയോഗിക്കും. ഹരിതസഭയും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുന്നത്.