കുവൈത്തില്‍ ആശ്വാസമഴ, താപനിലയില്‍ കുറവ്

കുവൈത്ത് സിറ്റി: നീണ്ട വേനല്‍ക്കാലത്തിന്റെ പൊള്ളും ചൂടിന് വിരാമമിട്ട് കുവൈത്ത് കാലാവസ്ഥ മാറ്റത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടന്നു.
വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു. രാവിലെ ആരംഭിച്ച മഴ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളില്‍ കൂടുതല്‍ ശക്തിയോടെ പെയ്തു.
മറ്റിടങ്ങളില്‍ മഴ ശക്തമായില്ലെങ്കിലും കാലാവസ്ഥയിലെ മാറ്റം പ്രകടമായിരുന്നു. മഴ എത്തിയതോടെ വ്യാഴാഴ്ച താപനിലയില്‍ കുറവുണ്ടായി.
വൈകാതെ താപനില കുറഞ്ഞുവരുകയും കടുത്ത തണുപ്പുകാലത്തേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യും. തണുപ്പുകാല വരവിന്റെ സൂചനയായാണ് മഴയെ കണക്കാക്കുന്നത്. വരുംദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. കടുത്ത ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയാണ് ഇപ്പോള്‍ രാജ്യത്ത് അനുഭവപ്പെടുന്നത്.
രാജ്യത്ത് ശൈത്യകാലം ഒക്ടോബര്‍ 15ന് ആരംഭിക്കുമെന്ന് അല്‍ ഒജൈരി സയന്റിഫിക് സെന്റര്‍ നേരത്തേ
വ്യക്തമാക്കിയിരുന്നു. ശൈത്യകാലം നാലു ഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടവും 13 ദിവസം നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ സൂര്യൻ തെക്കോട്ട് ചായുന്നത് തുടരും. അതിന്റെ ഫലമായി പകല്‍സമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും.
അതേസമയം, വരുംദിവസങ്ങളിലും മഴക്കു സാധ്യതയുണ്ട്. രാജ്യത്ത് മഴക്കാലം മുന്നില്‍കണ്ട് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന്‍ റൂം സജ്ജമാക്കും. മഴയത്ത് വാഹനം ഓടിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും അപകടങ്ങള്‍ക്ക് കാരണമാകുന്ന വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.