‘വിക്ര’ത്തില്‍ നടക്കാതെപോയ ആഗ്രഹം; ‘വര്‍മനെ’ വെല്ലുമോ പുതിയ വില്ലന്‍? തീരുമാനവുമായി ലോകേഷ്

ലിയോ എത്തുംവരെ ലോകേഷ് കനകരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വിക്രം. കമല്‍ ഹാസന്‍റെ താരമൂല്യത്തെ കാലാനുസൃതമായി ഉപയോഗപ്പെടുത്തിയ ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. അതില്‍ പ്രധാനമായിരുന്നു വിജയ് സേതുപതിയുടെ വില്ലന്‍ കഥാപാത്രമായ സന്തനം. സേതുപതിയുടെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ വേറിട്ട കഥാപാത്രങ്ങളിലൊന്നാണ് ഇത്. എന്നാല്‍ സന്തനമായി ലോകേഷിന്‍റെ ആദ്യ ചോയ്സ് വിജയ് സേതുപതി ആയിരുന്നില്ല. മറിച്ച് രാഘവ ലോറന്‍സ് ആയിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം ലോറന്‍സിന് ആ ഓഫര്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ അടുത്ത ചിത്രത്തിലൂടെ ആ ആഗ്രഹം നടത്താന്‍ ഒരുങ്ങുകയാണ് ലോകേഷ്.

ലിയോയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിക്കുക രാഘവ ലോറന്‍സ് ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യവും പ്രേക്ഷകശ്രദ്ധയും ലഭിക്കുന്ന കാലമാണിത്. രജനികാന്തിന്‍റെ കഴിഞ്ഞ ചിത്രം ജയിലറിലെ വില്ലന്‍ കഥാപാത്രമായ വിനായകന്‍റെ വര്‍മനും മാമന്നനിലെ ഫഹദ് ഫാസിലിന്‍റെ രത്നവേലുവിനുമൊക്കെ വലിയ സ്വീകാര്യതയാണ് കിട്ടിയത്. ലോകേഷിന്‍റെ എല്ലാ ചിത്രങ്ങളിലും പ്രതിനായക കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ജയിലറിന് ശേഷമെത്തുന്ന രജനി ചിത്രമായതിനാല്‍ തലൈവര്‍ 171 വില്ലന്‍ കഥാപാത്രത്തിലും പ്രേക്ഷകപ്രതീക്ഷ ഏറുമെന്ന് ഉറപ്പാണ്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

അതേസമയം തലൈവര്‍ 171 തയ്യാറെടുപ്പുകള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ആറ് മാസത്തെ ഇടവേള എടുക്കാന്‍ ഒരുങ്ങുകയാണ് ലോകേഷ് കനകരാജ്. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാവും ഈ സിനിമയുടെ ആരംഭിക്കുക. അതേസമയം വമ്പന്‍ വിജയമാണ് ലോകേഷിന്‍റെ ഏറ്റവും പുതിയ ചിത്രം ലിയോ നേടിയത്. 500 കോടി ക്ലബ്ബില്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട് ചിത്രം.