ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി റോഡ് തോടായി
തളിപ്പറമ്പ് : ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി വൻതോതില്‍ ശുദ്ധജലം റോഡിലേക്ക് ഒഴുകി. കുറ്റിക്കോല്‍ പാര്‍ഥസ് ഓഡിറ്റോറിയത്തിന് സമീപത്താണ് വെള്ളിയാഴ്ച രാവിലെ പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകിയത് വാഹനകള്‍ക്കും മറ്റും അപകട ഭീഷണി സൃഷ്ടിച്ചു.
പ്രധാന പൈപ്പായതിനാല്‍ അതിശക്തമായാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. വെള്ളത്തിന്റെ ശക്തിയില്‍ ദേശീയപാതപ്രവൃത്തി നടക്കുന്ന റോഡിലെ രണ്ടടിയോളം ഉയരത്തിലുള്ള മണ്ണ് മുഴുവൻ ഒലിച്ച് റോഡിലേക്ക് വന്നു. ചളി രൂപപ്പെട്ടതോടെ ബൈക്കുകള്‍ അപകടത്തില്‍പെടുന്നതിനും ഇടയാക്കി. സംഭവമറിഞ്ഞ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൂഴിച്ചാലിലെ ടാങ്കിന്റെ ഓപ്പറേറ്റര്‍ സ്ഥലത്തെത്തി പെരുവളത്തുപറമ്ബില്‍ നിന്നുള്ള ജലവിതരണം തടഞ്ഞു. ഒരു മണിക്കൂര്‍ കൊണ്ടാണ് വെളളം നിന്നത്. അതിനിടയില്‍ വലിയ തോതില്‍ വെള്ളം ഒഴുകിയതോടെ റോഡ് തോടിന് സമാനമായി മാറി. വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോയത്.