നിയമവിരുദ്ധ മത്സ്യബന്ധനം; രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി

നീലേശ്വരം: നിയമവിരുദ്ധ മത്സ്യബന്ധനത്തിലേര്‍പ്പെട്ട രണ്ടു കര്‍ണാടക ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്, അഴിത്തല, കുമ്ബള, ബേക്കല്‍ എന്നീ കോസ്റ്റല്‍ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല കടല്‍ പട്രോളിങ്ങിലാണ് ബോട്ടുകള്‍ പിടികൂടിയത്.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസര്‍മാര്‍മാരായ എസ്. ഐശ്വര്യ, കെ.എസ്. ടെസ്സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാത്രി സമയത്ത് തീരത്തോട് ചേര്‍ന്ന് ട്രോള്‍വല ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്തിയതിനാണ് അല്‍ ഫലാഹ്, ഫിഷ്‌ക്കോ എന്നീ രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടിയിലായത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബോട്ടുകള്‍ അഴിത്തലയില്‍ എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഗാര്‍ഡ് അര്‍ജുൻ, റെസ്ക്യൂ ഗാര്‍ഡുമാരായ മനു, അജീഷ്, ധനീഷ്, സേതുമാധവൻ, സമീര്‍, സ്രാങ്ക് നാരായണൻ, സതീശൻ, കോസ്റ്റല്‍ വാര്‍ഡൻ സനൂജ്, നന്ദുലാല്‍, കോസ്റ്റല്‍ പൊലീസ് ജോതിഷ്, മഹേഷ്, പവിത്രൻ, പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്ന് വരികയാണെന്നും നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ് അറിയിച്ചു.