നിയമസഭ പുസ്തകോത്സവത്തില്‍ ഇന്ന് പ്രിയ എഴുത്തുകാരെത്തും

തിരുവനന്തപുരം: സന്ദര്‍ശകരുടെ എണ്ണംകൊണ്ടുമാത്രമല്ല പ്രമേയവും ഉള്ളടക്കവുംകൊണ്ടുകൂടി ശ്രദ്ധേയമായി നിയമസഭ പുസ്തകോത്സവം.

ചര്‍ച്ചകളും സംവാദങ്ങളുമായി കലാ-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യം മേളയെ ജനകീയമാക്കുകയാണ്. കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെ അടയാളം കൂടിയായി മാറുകയാണ് നിയമസഭ പുസ്തകോത്സവം.

240 പുസ്തകപ്രകാശനങ്ങളാണ് മേളയില്‍ നടക്കുന്നത്. 30 പുസ്തകചര്‍ച്ചകള്‍, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്കാരിക നായകന്മാരുമുള്‍പ്പെടെ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതര്‍’ എന്നിവ പുസ്തകോത്സവത്തിന് അക്ഷരഗാംഭീര്യമേവുകയാണ്. നിയമസഭാ പുസ്തകോത്സവ വേദിയില്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ച്‌ മലയാളത്തിന്റെ പ്രിയ സഞ്ചാരികളെത്തിയതാണ് അഞ്ചാം ദിവസത്തെ ശ്രദ്ധേയമാക്കിയത്.

പുസ്തകോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വഴിത്താരകളിലെ യാത്രാനുഭവങ്ങള്‍ എന്ന പാനല്‍ ചര്‍ച്ചയില്‍ അജയൻ പനയറ, വി. മുസഫര്‍ അഹമ്മദ്, കെ.എ. ബീന, ഡോ. മിത്ര സതീഷ് എന്നിവര്‍ യാത്രകളെക്കുറിച്ചും സഞ്ചാരസാഹിത്യത്തെക്കുറിച്ചും സംവദിച്ചു. എം.കെ. രാമചന്ദ്രൻ മോഡറേറ്ററായി. എം. മുകുന്ദൻ, പ്രഭാവര്‍മ, സുഭാഷ് ചന്ദ്രൻ, ടി.ഡി. രാമകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, ഡോ. വൈശാഖൻ തമ്ബി, കെ.പി. രാമനുണ്ണി തുടങ്ങി വായനക്കാരുടെ പ്രിയ എഴുത്തുകാര്‍ തിങ്കളാഴ്ച നിയമസഭ അ‌ന്താരാഷ്ട്ര പുസ്തകോത്സവവേദിയിലെത്തും.

നിയമസഭാ ലൈബ്രറി കാണാനും തിരക്കേറുന്നു

തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയില്‍ ഒരുക്കിയ പ്രദര്‍ശനം കാണാനും തിരക്കേറുന്നു. ചരിത്രത്തിന്റെ ഭാഗമായ പുസ്തകങ്ങള്‍ മുതല്‍ പ്രമുഖ നിയമസഭാ സാമാജികരുടെ പുസ്തകങ്ങള്‍വരെ ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഏഴുവരെ നീളുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.

തിരുവിതാംകൂര്‍ ദിവാന്റെ ഓഫിസില്‍ തുറന്ന ലൈബ്രറിയാണ് 1921ല്‍ ലെജിസ്ലേറ്റിവ് ലൈബ്രറിയായി മാറിയത്. 1949ല്‍ ട്രാവൻകൂര്‍ കൊച്ചിൻ അസംബ്ലി ലൈബ്രറിയായി പുനര്‍നാമകരണം ചെയ്യപ്പെട്ടു. പൊതുജനങ്ങള്‍ക്കുകൂടി അംഗത്വം നല്‍കുന്ന ഇന്ത്യയിലെ ആദ്യ ലെജിസ്ലേറ്റിവ് ലൈബ്രറി എന്ന നേട്ടം കേരള നിയമസഭാ ലൈബ്രറിക്കുണ്ട്.

1888 മുതല്‍ക്കുള്ള നിയമസഭയുടെ സമഗ്രമായ ചരിത്രം ശേഖരിച്ചിട്ടുള്ള ഒരേയൊരു ലൈബ്രറിയാണ് കേരള നിയമസഭയിേലത്. നിയമസഭയിലെ നടപടിക്രമങ്ങള്‍, വിവിധ കമീഷനുകളുടെയും കമ്മിറ്റികളുടെയും റിപ്പോര്‍ട്ടുകള്‍, പാസാക്കിയ ബില്ലുകള്‍, ബുള്ളറ്റിനുകള്‍ തുടങ്ങിയ നിരവധി രേഖകള്‍ ഇവിടെ ലഭിക്കും.

1957 മുതല്‍ കേരള നിയമസഭ കൊണ്ടുവന്ന നിയമങ്ങള്‍ കാലാനുക്രമത്തില്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. 1849ല്‍ പ്രസിദ്ധീകരിച്ച ‘ആൻ ഇൻക്വയറി ഇൻടു ദി നേച്ചര്‍ ആൻഡ് കോസസ് ഓഫ് വെല്‍ത്ത് ഓഫ് നേഷൻസ്’ ആണ് ലൈബ്രറിയില്‍ ലഭ്യമായ ഏറ്റവും പഴയ പുസ്തകം.