ജീവിത പ്രയാസങ്ങള്‍ കരുത്താക്കി ദേശീയ ഗെയിംസില്‍ സുവര്‍ണ നേട്ടവുമായി സഹോദരിമാര്‍
മങ്കര: ഗോവയില്‍ നടക്കുന്ന നാഷണല്‍ ഗെയിംസില്‍ വാട്ടര്‍ പോളോ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടി മങ്കരയിലെ സഹോദരിമാര്‍.
മങ്കര കല്ലൂര്‍ നേതിരംകാട് പുത്തൻപുരയില്‍ ശശി-രജിത ദമ്പതികളുടെ മക്കളായ അമിത, അമൃത എന്നിവരാണ് സ്വര്‍ണമെഡല്‍ നേടിയത്.
ഒമ്പത് വര്‍ഷമായി അമ്മയോടൊപ്പം തിരുവനന്തപുരത്ത് വെഞ്ഞാറമൂടിലാണ് ഇരുവരും താമസം. തിരുവനന്തപുരത്തെ പുലരി ക്ലബ് മുഖേനയാണ് ഇരുവരുംവാട്ടര്‍ പോളോ പരിശിലനം നേടിയത്. സി.വി. അനന്ദുവായിരുന്നു പരിശീലകൻ. തിരുവനനന്തപുരം മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയില്‍ സോഷിയോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അമൃത.
അമിത ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമാണ്. ആറാം ക്ലാസ് മുതല്‍ തൊട്ട് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് പഠനം. ഇവിടെ വീട്ടുജോലി ചെയ്താണ് അമ്മ രജിത ഇവരെ ഈ നിലയിലെത്തിച്ചത്. നിലവില്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ വിനോദിന്റെ കീഴിലാണ് ഇപ്പോള്‍ പരിശീലനം. സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത സഹോദരിമാര്‍ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവും കാത്തിരിക്കുകയാണ്. കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയ താരങ്ങളെ മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുല്‍ദാസ് ടെലിഫോണില്‍ അഭിനന്ദനം അറിയിച്ചു. അടുത്ത ദിവസം മങ്കരയിലെത്തുന്ന ജേതാക്കള്‍ക്ക് ഗ്രാമ പഞ്ചായത്ത് സ്വീകരണം ഒരുക്കിയിട്ടുണ്ട്.