വന്യമൃഗശല്യം: കൊല്ലത്ത് സി.പി.എം സമരത്തിനൊരുങ്ങുന്നു
പത്തനാപുരം: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്ബനരുവി, മുള്ളുമല, വലിയറപച്ച, കുമരംകുടി, കടശ്ശേരി കറവൂര്‍-അച്ചൻകോവില്‍ പാത എന്നിവിടങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് കാട്ടാനക്കൂട്ടമെത്തുന്നത്. ഇരുചക്ര യാത്രക്കാര്‍, ഫാം തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല. ആനയെ കണ്ട് ഓടി വീണ് അപകടം പതിവാകുകയാണ്.
കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ ഇറങ്ങിയ ആന കെട്ടിടങ്ങളും മതിലുകളും തകര്‍ത്തു. കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ത്തുകൊണ്ടാണ് ജനവാസ മേഖലയില്‍ ആനയുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം. ജനവാസ മേഖലയും വനമേഖലയും, വേര്‍തിരിച്ച് കിടങ്ങ് കുഴിക്കുകയും, കറവൂര്‍ കോട്ടക്കയം റോഡ് വശങ്ങളിലെ കാട് നീക്കം ചെയ്യുകയും വേണമെന്ന് സി.പി.എം ആവശ്യപ്പെടുന്നു.
ചാലിയേക്കര ഇഞ്ചപ്പള്ളി വനാന്തര്‍ഭാഗത്തേക്ക് ആനകളെ ഓടിച്ചുകയറ്റിയ ശേഷം വനവും ജനവാസ മേഖലയും തരം തിരിച്ച് കിടങ്ങ് കുഴിക്കണമെന്നും സായുധ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്‍റെ ഒരു യൂനിറ്റും വാഹനവും മേഖലയില്‍ അനുവദിക്കണമെന്നും പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. പ്രശ്നത്തിന് അടിയന്തര പരിഹാരമില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും സി.പി.എം നേതാക്കളായ കറവൂര്‍ എല്‍. വര്‍ഗീസും ശ്രീനിവാസനും അറിയിച്ചു.